
കൊച്ചി: കലൂരിൽ മെട്രോ പാതയിലെ കൂറ്റൻ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള തീവ്രശ്രമം രാത്രി വൈകി മെട്രോ സർവീസ് അവസാനിച്ച ശേഷവും തുടർന്നു. 555, 556 തൂണുകൾക്ക് മുകളിൽ ഒരാഴ്ചയിലേറെയായി കുടുങ്ങിയ പൂച്ചയെ സുരക്ഷിതമായി താഴെയെത്തിക്കാൻ ഫയർഫോഴ്സും നാട്ടുകാരും മൃഗസ്‌നേഹികളും സന്നദ്ധ പ്രവർത്തകരും ഊർജിത ശ്രമത്തിലാണ്. രാത്രി പതിനൊന്നിന് ശേഷം മെട്രോ സർവീസ് അവസാനിച്ചാലുടൻ താഴെയിറക്കാനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അധികൃതരുടെ തീരുമാനമെങ്കിലും സാദ്ധ്യമായില്ല.
ഇന്നലെ പിയർ ക്യാപ്പിനു മുകളിലും ഗർഡറിനു താഴെയുമായുള്ള സ്ഥലങ്ങളിലാണ് പൂച്ചയെ കണ്ടത്. ഇവിടങ്ങളിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കയറി രക്ഷിക്കാനാകാത്തതിനാൽ പൂച്ചയെ പിടിക്കാനുള്ള കൂടും ആഹാരവുംവച്ചശേഷം ഗാന്ധിനഗർ ഫയർഫോഴ്‌സ് മടങ്ങി. രക്ഷാദൗത്യം ഊർജിതമാക്കാൻ ഇന്നലെ വൈകിട്ട് 4.44 മുതൽ 5.05 വരെ മെട്രോ സർവീസ് പൂർണമായും നിറുത്തി വച്ചിരുന്നു.
പൂച്ച കുടുങ്ങിയത് മെട്രോ ക്യാമറയിലൂടെയാണ് അധികൃതർ കണ്ടത്. തുടർന്ന് ദിവസവും ഭക്ഷണം നൽകാൻ സംവിധാനമുണ്ടാക്കി. ഫയർഫോഴ്സ് പിടികൂടാൻ ശ്രമിച്ചെങ്കിലും പില്ലറിന്റെ ഉയരക്കൂടുതൽ വിജയിച്ചില്ല. ഗതാഗതത്തിന് തടസമുണ്ടാകുമെന്നതിനാൽ ദൗത്യം അവസാനിപ്പിക്കേണ്ടിവന്നു.
തുടർന്ന് അനിമൽ റെസ്‌ക്യൂ കൂട്ടായ്മയുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഒരു ക്രെയിൻ എത്തിച്ച് പരിശോധന നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും പൂച്ചയെ കണ്ടെങ്കിലും തെരച്ചിൽ തുടങ്ങിയപ്പോഴേക്കും മറഞ്ഞു.
ടാ സുഭാഷേ.....
സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ ഈ പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടു. മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ സുഭാഷിനെ ഓർത്താണ് ഈ പേരിട്ടതെന്ന് അവർ പറയുന്നു. ഗുണാകേവിൽ കുടുങ്ങിയ സുഹൃത്തിനെ രക്ഷിച്ച സാഹസികതയെ ഓർമിപ്പിക്കുന്നതിനാലാണ് ഈ പേര് നൽകിയത്. സിനിമയിലേതുപോലെ തന്നെ ഈ പൂച്ചയേയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണിവർ.
പൂച്ചയ്ക്ക് മെട്രോ വീക്ക്നെസ്
2023 ജൂൺ 11നും സമാനമായ തരത്തിൽ മെട്രോപില്ലറിനു മുകളിൽ പൂച്ച കയറിയിരുന്നു. അന്ന് എറണാകുളം എം.ജി റോഡിൽ കെ.പി.സി.സി ജംഗ്ഷന് സമീപമുളള്ള മെട്രോ പില്ലർ 711ന് മുകളിലായിരുന്നു . മെട്രോ അധികൃതർ ഏർപ്പെടുത്തിയ ക്രെയിനിലൂടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മുകളിൽ കയറിയെങ്കിലും പൂച്ച താഴേക്ക് ചാടി രക്ഷപ്പെട്ടു. തൂണിന് ചുറ്റും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വലവിരിച്ചിട്ടും ചാടിയ പൂച്ചയെ പിടിക്കാനായിരുന്നില്ല.
അതിനും മുൻപ് വൈറ്റിലയിലും മെട്രോ തൂണിൽ പൂച്ച കയറിയിരുന്നു. അന്ന് ഏറെ പണിപ്പെട്ടാണ് മൂന്ന് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പൂച്ചയെ രക്ഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |