
കൊച്ചി: ഇന്നലകളിൽ കൊച്ചിക്ക് മാനക്കേടും ഭീഷണിയുമായിരുന്ന ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിൽനിന്ന് ഇനി വരുന്നത് കംപ്രസ്‌ഡ് ബയോഗ്യാസും (സി.ബി.ജി) ടൺകണക്കിന് ജൈവവളവും. സംസ്ഥാന സർക്കാരും കൊച്ചി കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) സംയുക്തമായാണ് പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് സി.ബി.ജിയും ജൈവവളവും നിർമ്മിക്കാൻ ശേഷിയുള്ള ആധുനിക പ്ലാന്റ് നിർമ്മിച്ചത്.
കാർഷികമേഖലയ്ക്കും പുത്തനുണർവ് പകരുന്നതാണ് പദ്ധതി. നിർമ്മാണം പൂർത്തിയാക്കിയ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ്, കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ബെന്നി ബെഹനാൻ എം.പി, മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ബി.പി.സി.എൽ ഡയറക്ടർ സഞ്ജയ് ഖന്ന, പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും.
10 ഏക്കറിൽ ബ്രഹ്മപുരം സി.ബി.ജി പ്ലാന്റ്
മാലിന്യത്തിൽ നിന്ന് സി.ബി.ജിയും ജൈവവളവും ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യപ്ലാന്റ് 10 ഏക്കറിലാണ് നിർമ്മിച്ചിരിക്കുന്നത്. സി.എൻ.ജിക്ക് പകരം സി.ബി.ജി ഉപയോഗിക്കാം. നഗരത്തിലെ 21 ഇടങ്ങളിലെ 181 ശേഖരണ കേന്ദ്രങ്ങളിലൂടെ ശേഖരിക്കുന്ന ജൈവമാലിന്യം കോർപ്പറേഷൻ നൽകും. ഇത് വെള്ളം ചേർത്ത് മിശ്രിതമാക്കി ഹൈഡ്രോലൈസർ ടാങ്കിലേക്ക് മാറ്റും. ഇതിനായി 12 മീറ്റർ ഉയരവും 30മീറ്റർ വ്യാസവുമുള്ള രണ്ട് കൂറ്റൻ ഡൈജസ്റ്ററുകളുണ്ട്. വാട്ടർ സ്‌ക്രബർ സിസ്റ്റത്തിലൂടെ കടത്തിവിട്ട് കാർബൺഡയോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ നീക്കം ചെയ്ത് ശുദ്ധീരിക്കുന്ന ബയോഗ്യാസ്, പൈപ്പ്‌ലൈൻ വഴി ബി.പി.സി.എൽ റിഫൈനറിയിലേക്ക് എത്തിക്കും. ജൈവവളം എഫ്.എ.സി.ടിക്ക് കൈമാറാൻ കരാറായി. 2023 മാർച്ച് 2ന് ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ വൻ അഗ്നിബാധയാണ് ഇത്തരമൊരു മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിന് വഴിമരുന്നായത്.
പ്രതിദിന ഉത്പാദനം:
കംപ്രസ്ഡ് ബയോഗ്യാസ്: 5.6 ടൺ
ജൈവവളം: 28 ടൺ
നിർമ്മാണച്ചെലവ്: 88 കോടി രൂപ
പരിസ്ഥിതി സംരക്ഷണം:
ബ്രഹ്മപുരത്തുനിന്ന് പുറംതള്ളിയിരുന്ന കാർബൺഡൈ ഓക്സൈഡും മറ്റ് മാലിന്യങ്ങളും ഉണ്ടാക്കിയ അന്തരീക്ഷമലീനകരണത്തിനൊരു മറുമരുന്നുകൂടിയാണ് പുതിയ സി.ബി.ജി പ്ലാന്റ്. മലിനീകരണം നിയന്ത്രിക്കുന്നതിന് 3.5ലക്ഷം മരങ്ങൾ പത്തുവർഷം പരിപാലിക്കുന്നതിന് തുല്യമാണ് നിലവിലെ പ്ലാന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |