കൊച്ചി: ബിസിനസ് ആവശ്യത്തിനെന്ന പേരിൽ വ്യാജ ആധാരങ്ങൾ ചമച്ച് ബാങ്കുകളിൽ നിന്ന് വായ്പ തരപ്പെടുത്തിയതിന് റിമാൻഡിൽ കഴിയുന്ന കൊച്ചിയിലെ ബിസിനസുകാരനെതിരെ 30 കോടി രൂപയുടെ മറ്റൊരു വായ്പാ തട്ടിപ്പ് കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. വ്യാജആധാരം ചമച്ച് ചോളമണ്ഡലം ഫിനാൻസിൽനിന്ന് 5 .12 കോടി രൂപ വായ്പയെടുത്ത കേസിൽ ഫെബ്രുവരി 20ന് അറസ്റ്റിലായ റിമാൻഡിൽ കഴിയുന്ന ‘കാഞ്ഞിരവേലിൽ ട്രേഡേഴ്സ്’ പ്രൊപ്രൈറ്റർ പുത്തൻകുരിശ് പഴന്തോട്ടം കാഞ്ഞിരവേലിൽ ജെന്നി വർഗീസിനെതിരെയാണ് (51) വെള്ളിയാഴ്ച പലാരിവട്ടം പൊലീസ് കേസെടുത്തത്. കോടിക്കണക്കിന് രൂപ ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചന.
വായ്പയെടുത്തത് സിറ്റി യൂണിയൻ ബാങ്കിൽ നിന്ന്
സിറ്റി യൂണിയൻ ബാങ്കിന്റെ ഇടപ്പള്ളി ശാഖയിൽ നിന്ന് 2022 മാർച്ച് 11നും 2024 ജൂലൈ 19നുമിടെയുള്ള കാലയളവിലാണ് ജെന്നി വർഗീസും സഹോദരൻ ജിനു വർഗീസും ചേർന്ന് 30 കോടി രൂപയുടെ വായ്പയെടുത്തത്. ഇതിനായി പ്രതികളുടെയും ഭാര്യമാരുടെയും പേരിലുള്ള 11 ആധാരങ്ങൾ ഈടായും പ്രതികൾ പ്രൊപ്രൈറ്റർമാരായ കാഞ്ഞിരവേലിൽ ട്രേഡേഴ്സ്, ജെനുവിൻ അഗ്രോ സ്ഥാപനങ്ങളുടെ സ്റ്റോക്കുകളും ബുക്ക് ഡെബിറ്റുകളും ഹൈപ്പോത്തിക്കേറ്റും ചെയ്തു.
തിരിച്ചടവ് മുടങ്ങിയതോടെ റിക്കവറിക്ക് സിറ്റി യൂണിയൻ ബാങ്ക് നടപടി തുടങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സിറ്റി യൂണിയൻ ബാങ്കിന് ഈട് നൽകിയ ആധാരത്തിൽ ഒരെണ്ണത്തിന്റെ വ്യാജ പകർപ്പ് ചമച്ച് ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ നിന്ന് കോടികൾ വായ്പയെടുത്ത കാര്യം പുറത്തായത് അപ്പോഴാണ്. തങ്ങളുടെ കൈവശമുള്ള ആധാരത്തിന്റെ പകർപ്പ് ഉപയോഗിച്ച് ബാങ്ക് ഒഫ് മഹാരാഷ്ട്ര ഈടായി നൽകിയ വസ്തുവിന്റെ കൈവശാവകാശവും നേടിയിരുന്നു.
30 കോടി വായ്പയെടുക്കാൻ പ്രതികൾ ഹൈപ്പോത്തിക്കേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ സ്റ്റോക്ക് മുഴുവൻ കാലിയാണെന്നും ബാങ്കിന്റെ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് സിറ്റി യൂണിയൻ ബാങ്കിന്റെ മാനേജർ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്.
കേസിൽ ജെന്നി വർഗീസിനും സഹോദരൻ ജിനു വർഗീസിനും പുറമെ ജെന്നിയുടെ ഭാര്യ ജീബാ ജെന്നി, ജിനുവിന്റെ ഭാര്യ മെറീന ജിനു എന്നിവരും പ്രതികളാണ്. വ്യാജ രേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന വകുപ്പുകൾ പ്രകാരമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |