കൊച്ചി: പൊലീസിന്റെ ബ്ലാക്ക് സ്പോട്ടിൽ ഇടം പിടിച്ച എറണാകുളം അംബേദ്കർ സ്റ്റേഡിയം സൂപ്പറാക്കാൻ ഒരുങ്ങി ജി.സി.ഡി.എ. ഫുട്ബാൾ ടർഫ് മാത്രമുള്ള സ്റ്റേഡിയത്തിൽ വോളിബാൾ, ബാസ്ക്കറ്റ് ബാൾ, ടെന്നീസ് കോർട്ടുകൾ നിർമ്മിച്ച് സ്പോർട്സ് ഹബായി ഉയർത്തുകയാണ് ലക്ഷ്യം. രാപ്പകൽ വ്യത്യാസമില്ലാതെ സ്റ്റേഡിയത്തിൽ ലഹരിയിടപാടടക്കം തകൃതിയാണെന്ന ചീത്തപ്പേരും ഇതിലൂടെ മാറ്റിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈവർഷത്തെ ജി.സി.ഡി.എ ബഡ്ജറ്റിൽ അംബേദ്കർ സ്റ്റേഡിയത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികൾ അവതരിപ്പിക്കും. നല്ലൊരു തുക നീക്കിവയ്ക്കുമെന്നാണ് അറിയുന്നത്.
സ്റ്റേഡിയം പൊളിച്ച് പണിയണമെന്നതും ജി.സി.ഡി.എയ്ക്ക് മുന്നിലുണ്ട്. എന്നാൽ ഭൂമിനിരപ്പുൾപ്പെടെ ഉയർത്തിയാൽ മാത്രമേ പുതിയ സ്റ്റേഡിയം നിർമ്മിക്കാനാവൂ. നിലവിൽ ഈ ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്. നടപടി നീണ്ടുപോയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം മോടിപിടിപ്പിക്കാൻ തീരുമാനിച്ചത്.
നവീകരിച്ചു,
പിന്നെ കുളമായി
അംബേദ്കർ സ്റ്റേഡിയം 2017ൽ ഫിഫ അണ്ടർ 17 മത്സരങ്ങൾക്ക് മുന്നോടിയായി അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കിപ്പണിതിരുന്നു. വിദേശ ടീമുകളുടെ പരിശീലന ഗ്രൗണ്ടായി അംബേദ്കർ സ്റ്റേഡിയത്തെ പരിഗണിച്ചതിനാലായിരുന്നു ഇത്. കോടികൾ മുടക്കി പതുക്കിപ്പണിത സ്റ്റേഡിയം പിന്നീട് തരിപ്പണമായി. സിന്തറ്റിക് ടർഫ് പലയിടത്തും ഇളകിത്തുടങ്ങി. ഗോൾ പോസ്റ്റും മൈതാനം വൃത്തിയാക്കാൻ ലക്ഷങ്ങൾ മുടക്കി വാങ്ങിയ യന്ത്രവും വരെ കാടുപിടിച്ചു കിടക്കുകയാണ്. ടർഫിന്റെ സുരക്ഷയ്ക്കായി നിർമ്മിച്ച ഇരുമ്പുവേലിയും ഭൂരിഭാഗവും പൊളിഞ്ഞു. ഏത് നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ നിലയിലാണ് സ്റ്റേഡിയത്തിന്റെ ഗാലറി.
സാമൂഹിക വിരുദ്ധരുടെ കേന്ദ്രം
ഏതാനും മാസം മുമ്പ് നഗരവാസികൾ സ്റ്റേഡിയത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലഹരി കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകൾ മുതൽ മദ്യക്കുപ്പികളുടെ കൂമ്പാരം വരെയാണ്. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ കാട് വൃത്തിയാക്കിയെങ്കിലും ലഹരിയിടപാട് തുടർന്നു. ലഹരിക്കച്ചവടവും മറ്റും നടക്കുന്ന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി അടുത്തിടെയാണ് പൊലീസ് ബ്ലോക്ക് സ്പോട്ട് തയ്യാറാക്കിയത്. കൊച്ചി നഗരത്തിൽ 59 ബ്ലാക്ക് സ്പോട്ടുകളാണുള്ളത്.
അംബേദ്കർ സ്റ്റേഡിയം സ്പോട്സ് ഹബായി മാറ്രുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടി പുരോഗമിക്കുകയാണ്
ജി.സി.ഡി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |