കണ്ണൂർ സിറ്റി: തയ്യിൽ മരക്കാർകണ്ടിയിലെ സിറ്റി പൊലീസ് സ്റ്റേഷനു സമീപമുള്ള പടിഞ്ഞാറെ ശ്രീ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തയാറാക്കിയ ചുമർചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ക്ഷേത്ര മതിലിലുടനീളം മൊബൈൽ ഫോണിന്റെ അമിതോപയോഗത്തിനെതിരെയും ദുരുപയോഗത്തിനെതിരെയുമുള്ള ബോധവത്കരണ വരകളാണുള്ളത്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ അരുൺ ചാലാടാണ് വരയ്ക്ക് നേതൃത്വം നൽകിയത്. പരിസരത്തെ കുട്ടികൾക്ക് പ്രോത്സാഹനമായി അവരെയും വരയിൽ പങ്കാളികളാക്കി.
കഴിഞ്ഞ വർഷം അരുൺ ചാലാടിന്റെ നേതൃത്വത്തിൽ ഉത്തര മലബാറിലെ വിവിധ തെയ്യക്കോലങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു വരച്ചത്. ഒരാഴ്ചയിലധികം സമയമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. സ്കൂളിൽ നിന്നു വന്ന് വൈകുന്നേരങ്ങളിലായിരുന്നു വര. മൊബൈൽ ഫോൺ ദുരുപയോഗത്തിത്തിനെതിരെ വരകളിലൂടെയുള്ള ബോധവത്കരണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹജേഷ് ബാബുവും സെക്രട്ടറി എം. ശ്രീജിത്ത് കുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |