പാലക്കാട്: ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണത്തിൽ മേയ് 10 വരെയുള്ള പി.ആർ.എസുകാരുടെ നെല്ലുവില അനുവദിച്ച് സപ്ലൈകോ. 5,576 കർഷകർക്കാണ് നെല്ലു സംഭരിച്ചതിന്റെ തുക ലഭിക്കുക. കനറാബാങ്ക് വഴിയും എസ്.ബി.ഐ വഴിയുമാണ് വില നൽകാൻ അനുമതിയായിട്ടുള്ളത്. മേയ് 10വരെ സ്ഥിരീകരിച്ച പി.ആർ.എസുകാർക്കുള്ള നെല്ലുവിലയായി 43 കോടി(43,00,84,143) രൂപയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നെല്ലുസംഭരണത്തിന്റെ സബ്സിഡിയായി 33.89 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷം നെല്ലു സംഭരണത്തിനായി 606 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 318.7 കോടി രൂപയും സപ്ലൈകോയ്ക്ക് കൈമാറി. പാലക്കാട് ജില്ലയിൽ രണ്ടാംവിള കൊയ്ത്തുകഴിഞ്ഞ് അഞ്ചുമാസവും നെല്ലുസംഭരിച്ച് മൂന്നുമാസവും പിന്നിട്ടിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെവില പൂർണമായി കർഷകർക്ക് ലഭിച്ചിട്ടില്ല.
നെല്ല് വില കിട്ടാത്തവർ 33327
57,325 കർഷകരിൽ നിന്ന് 407.79 കോടിയുടെ നെല്ലാണ് പാലക്കാട് ജില്ലയിൽ രണ്ടാം വിളക്കാലത്ത് സംഭരിച്ചത്. ഇതിൽ രണ്ടു ബാങ്കുകളിലായി ഇതുവരെ 29,474 കർഷകർക്കായി 206.84 കോടി രൂപയാണ് നെല്ലുവിലയായി വിതരണം ചെയ്തത്. ജില്ലയിൽ ഇനിയാകെ 33327 കർഷകർക്ക് രണ്ടാംവിള നെല്ലിന്റെ വില കിട്ടാനുണ്ടെന്നാണ് കണക്ക്. ഇതിൽ മേയ് 10 നു ശേഷം അംഗീകരിച്ച പി.ആർ.എസുകളിൽ 27,751 കർഷകർക്കായി 200.93 കോടി രൂപ കൂടി നെല്ലു വിലയായി നൽകാനുണ്ട്. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് ഇത്രയേറെ കർഷകർക്കു നെല്ലു വില കിട്ടാനുള്ളത്. നെല്ലു വില കിട്ടാത്തതിനെ തുടർന്ന് ഇത്തവണ ഒന്നാം വിളയിറക്കാൻ തുകയില്ലാതെ കർഷകർ പാടശേഖരത്ത് ഏക്കർ കണക്കിന് കൃഷി തരിശിട്ടിരുന്നു. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ള 650 കോടിരൂപ ലഭിച്ചാലേ ബാക്കി തുക അനുവദിക്കാനാകൂ. സംസ്ഥാനത്ത് രണ്ടാംവിളയിലൂടെ ആകെ 1,590 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 700 കോടിയോളം രൂപ കർഷകർക്ക് നൽകാനുണ്ട്. കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവിലയായി 1,100 കോടി രൂപ സംസ്ഥാനത്തിന് അനുവദിക്കാനുണ്ടെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |