മൂന്നാർ: ഒരിടവേളക്ക് ശേഷം മൂന്നാറിലെ തോട്ടം മേഖല വീണ്ടും കടുവാ ഭിതിയിൽ.മൂന്നാർ അരുവിക്കാട് എസ്‌റ്റേറ്റിലാണ് കഴിഞ്ഞ ദിവസം പശുവിന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.ലയങ്ങൾക്കു സമീപം തേയില തോട്ടത്തിനോട് ചേർന്ന് മേയുകയായിരുന്ന പശുവിനെ കടുവ ആക്രമിച്ചു. പശുവിന്റെ അലർച്ച കേട്ട് ഓടിയെത്തിയ തൊഴിലാളികളുടെ ബഹളത്തെ തുടർന്ന് കടുവ ഓടി മറയുകയായിരുന്നു. ഇതിനിടയിൽ കടുവ പശുവിന്റെ കാൽ കടിച്ചു പറിക്കുകയും ചെയ്തു. പശു ചെളിയിൽ പുതഞ്ഞു നിൽക്കുന്ന അവസ്ഥയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ പശുവിന് പിന്നീട് ചികിത്സ ലഭ്യമാക്കി. അരുവിക്കാട് സ്വദേശിയായ സത്യയുടെ പശുവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഒരിടവേളക്ക് ശേഷം തോട്ടം മേഖല വീണ്ടും കടുവാ ഭീതിയിൽ അമർന്നു.മൂന്നാറിലെ തോട്ടം മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മാത്രം നൂറിലധികം പശുക്കളാണ് കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്.വേനൽകനക്കുന്നതോടെ വന്യജീവി ശല്യം രൂക്ഷമാകുമോയെന്ന ആശങ്ക കർഷകർക്കുണ്ട്.തോട്ടംതൊഴിലിനൊപ്പം അധികവരുമാനമെന്ന നിലയിലാണ് തൊഴിലാളികൾ പശുക്കളെ വളർത്തുന്നത്. നിരന്തരം ജനവാസ മേഖലകളിൽ വന്യ ജീവി സാന്നിദ്ധ്യം രൂക്ഷമായിട്ടും വനം വകുപ്പ് അനാസ്ഥ തുടരുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |