കണ്ണൂർ:തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെ പാതി വഴിയിൽ നിലച്ച ആറളം ആനമതിൽ നിർമ്മാണം പുനരാരംഭിച്ചു. ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ പണിയുന്ന ആനമതിലിന്റെ നിർമാണം മാർച്ച് 31ന് അകം പൂർത്തിയാക്കാനാണ് നിർദേശം.കാട്ടാന ആക്രമണം തടയാൻ ആറളം ഫാം-ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിർമ്മിക്കുന്ന ആനമതിലിന്റെ നിർമ്മാണം നിലച്ചത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. നിലവിൽ മൂന്ന് കേന്ദ്രങ്ങളിൽ ഇരുപത്തഞ്ചോളം തൊഴിലാളികളെ വച്ചാണ് പ്രവൃത്തി പുനരാരംഭിച്ചത്. വളയംചാൽ വനംവകുപ്പ് ഓഫിസ് പരിസരത്തുനിന്ന് തുടങ്ങി പരിപ്പുതോട് 55 വരെയാണ് മതിൽ നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം ജൂൺ 15 നകം നിർമ്മാണം പൂർത്തിയാക്കണമെന്ന മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ആദ്യഘട്ടത്തിൽ പ്രവൃത്തി വേഗത്തിൽ നടന്നിരുന്നു.എന്നാൽ പതിയെ തൊഴിലാളികൾ ചുരുങ്ങിയതോടെമന്ദഗതിയിലായി.മരാരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തിനാണ് പ്രവൃത്തിയുടെ മേൽനോട്ട ചുമതല.ഒരു വർഷമാണ് മതിൽ പൂർത്തിയാക്കാൻ കാലാവധി നൽകിയിട്ടുള്ളത്.
ആറളം ആനമതിൽ
നീളം 9.890 കി.മി
ചിലവ് 37.9 കോടി
പൂർത്തിയായത് 3.150 കി.മി
ആനക്കലിയിൽ
10 വർഷം
12 ജീവൻ
85 കോടിയുടെ കൃഷിനാശം
തകർത്തുവാരി ആനക്കൂട്ടം
ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമായി തമ്പടിച്ച കാട്ടാനക്കൂട്ടം ഇപ്പോഴും ആക്രമണം തുടരുകയാണ്.കഴിഞ്ഞ ദിവസം ബ്ലോക്ക് ഏഴിൽ ബിനുവിന്റെ ഷെഡും പട്ടിക്കൂടും ഉൾപ്പെടെ തകർക്കപ്പെട്ടു. ബ്ലോക്ക് 13ൽ ഉൾപ്പെടെ ഏഴ് ഇടങ്ങളിലാണ് ആനക്കൂട്ടം ഭീഷണിയായിട്ടുള്ളത്. പ്രദേശത്തെ കാർഷികവിളകൾ നശിപ്പിക്കപ്പെട്ടു. രാത്രിയിൽ ആർ.ആർ.ടി സംഘമാണ് ആനകളെ തുരത്തിയത്.
വന്യജീവി ആക്രമണത്തിൽ തരിശായി ഫാം
വന്യ ജീവികളുടെ വിഹാര കേന്ദ്രമായി മാറിയ ആറളം ഫാമിംഗ് കോർപറേഷന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ ഏഴ് വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപയാണ്.തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ ഫാമിൽ കൃഷി ചെയ്ത എല്ലാത്തരം വിളകളും വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നശിച്ചു.ചില ബ്ലോക്കുകൾ കാർഷിക വിളകൾ ഒന്നുപോലും അവശേഷിക്കാതെ സ്ഥലം തരിശായി മാറി. കാട്ടാനകളുടെ ബാഹുല്യം കാരണം വീണ്ടും അവിടെ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ആന, മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ, തുടങ്ങിയവയാണ് കൃഷി നശിപ്പിക്കുന്നതിൽ മുന്നിൽ. ഈ കാലയളവിൽ പുതിയ കൃഷികൾ ഇറക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |