കണ്ണൂർ: അന്തരീക്ഷതാപനിലയിൽ അതിവർദ്ധനവുണ്ടായതിനെെ തുടർന്ന് മനുഷ്യർക്ക് ഭീഷണിയാകുന്ന ഇഴജന്തുക്കൾ ഉൾപ്പെടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായി.രാജവെമ്പാലയടക്കമുള്ള ഉഗ്രവിഷമുള്ള പാമ്പുകൾ ജനവാസമേഖലയിൽ എത്തുന്നുവെന്നതാണ് കൂട്ടത്തിൽ ഏറ്റവും ഭീതിജനകമായ അനുഭവം.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആറ് രാജവെമ്പാലകളെയാണ് വനം വകുപ്പ് വാച്ചർ ഫൈസൽ വിളക്കോട്ട് പിടികൂടി കാട്ടിലേക്ക് അയച്ചത്. ആറളം മേഖലയിൽപെട്ട മുട്ടുമാറ്റിയിലെ ചേനാട്ടുമാത്യു, കരിയം കാപ്പിലെ റോജി, ആറളം ഫാം ബ്ലോക്കുകളിൽപെട്ട മീനാക്ഷി ശശി, അയ്യ എന്നിവരുടെ വീട്ടുപറമ്പിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. കഴിഞ്ഞ ദിവസവും ഫാം ബ്ലോക്കുകളിൽ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു.
നനയുള്ള തെങ്ങ്, വാഴ തുടങ്ങിയ കൃഷിയിടങ്ങളിലാണ് ഇവയെ കണ്ടെത്തിയത്. കടുത്ത ചൂടിൽ നിന്നും രക്ഷ തേടിയാണ് ഇവ കൃഷിയിടങ്ങളിൽ എത്തുന്നത്. ഇരകളായ മൂർഖൻ, ചേര എന്നിവ ഉൾപ്പെടെയുള്ള പാമ്പുകളെയും ചെറു സസ്തനികളെയും പിന്തുടർന്നും ഇവ മനുഷ്യവാസമുള്ള ഇടങ്ങളിൽ എത്തുന്നുണ്ട്. ആൺ പെൺ പാമ്പുകൾ ഇണ ചേരുന്നതിനായി ഇത്തരം സ്ഥലം തിരഞ്ഞെടുക്കപ്പെടുന്നതും അപകടകരമാണ്. ഇവ കൂടു നിർമ്മിക്കുകയും പെൺപാമ്പുകൾ മുട്ടകൾക്ക് അടയിരിക്കുകയും ചെയ്യും. ആൺ പാമ്പുകൾ ഇതിനടുത്ത് തന്നെ സുരക്ഷയൊരുക്കി നിലയുറപ്പിച്ചിട്ടുമുണ്ടാകും. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മുക്കാൽ മീറ്റർ നീളമുണ്ടാകും. പത്തൊൻപത് അടി വരെയാണ് ഇവയുടെ നീളം. ഒറ്റക്കടിയിൽ ആനയെ പോലും കൊല്ലാനുള്ള വിഷം ഇവയ്ക്കുണ്ട്.
കണ്ടാൽ മാറി നിൽക്കണം
രാപ്പകൽ ഭേദമന്യേ ഇവ ഇര തേടിയും ഇണ തേടിയും സഞ്ചരിക്കുന്നവയാണ് രാജവെമ്പാലകൾ. വെറുതെ അലഞ്ഞു തിരിയുന്ന സ്വഭാവം ഇവക്കില്ല. പാമ്പിനെ കണ്ടാൽ സുരക്ഷിതമായി മാറി നിൽക്കുകയാണ് വേണ്ടത്.
വടിയെടുത്ത് ഇവയെ പ്രതിരോധിക്കരുത് ഇവയെ കണ്ടാലുടൻ വനംവകുപ്പിനെ വിവരമറിയിച്ച് പാമ്പിനെ കാട്ടിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കണം. അതിരുവിട്ടുള്ള പ്രകടനങ്ങൾ അപകടം ക്ഷണിച്ചു വരുത്തും- വാച്ചർ ഫൈസൽ വിളക്കോട്
പാമ്പുകളിലെ രാജാവ്
പാമ്പുകളുടെ രാജാവ് എന്ന നിലയിലാണ് രാജവെമ്പാല എന്ന് ഇവയെ വിളിക്കുന്നത്.ഹിമാലയ താഴ്വരയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രാജവെമ്പാലകളെ കണ്ടു വരുന്നത്. ദക്ഷിണേന്ത്യയിൽ കർണാടകത്തിലെ ആഗുംമ്പ വനമേഖലയാണ് പ്രധാന ആവാസസ്ഥാനം.ഏറ്റവും കൂടുതൽ മഴ പെയ്യുന്ന നിബിഢവനമാണ് രാജവെമ്പാലകളുടെ ഇഷ്ട സ്ഥലം. മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും ഈർപ്പമുള്ള വനങ്ങളിലും രാജവെമ്പാലകളെ കാണാം. കൊടും ചൂടിൽ പശ്ചിമ ഘട്ടത്തിന് കീഴെയുള്ള ഗ്രാമങ്ങളിലേക്ക് ഈർപ്പം തേടിയാണ് ഇവ കടന്നു വരുന്നത്. സുരക്ഷിതമായി പിടികൂടി ഉൾവനങ്ങളിലേക്ക് തിരിച്ചയക്കുകയാണ് വനംവകുപ്പിന്റെ റസ്‌ക്യൂ സ്‌പെഷ്യലിസ്റ്റുകൾ.
വംശനാശ ഭീഷണിയിലാണ്
വംശനാശഭീഷണി നേരിടുന്ന ജീവികൾ ഉൾപ്പെടുന്ന റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷപ്പാമ്പുകൾ ഉൾപ്പെടെ മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലക്ക് പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി യാതൊരു സാമ്യവുമില്ല. നീളത്തിന്റെ മൂന്നിലൊരു ഭാഗം തറയിൽ നിന്നുയർത്തിപ്പിടിച്ച് പത്തിവിടർത്തുവാൻ ഇതിനു സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |