കണ്ണൂർ: ഗ്രാമീണ മേഖലയിൽ സാധാരണക്കാർക്ക് പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മുഖാന്തിരം സർക്കാർ നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സബ് സിഡിയായി ജില്ലയിൽ ലഭിക്കാനുള്ളത് 5,48,61,919 രൂപയോളം. സംസ്ഥാനത്ത് ആകെ 2024 ഡിസംബർ മുതൽ 16,43,68,565 രൂപയാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്.ഈ തുക എപ്പോൾ വിതരണം ചെയ്യുമെന്ന് സംബന്ധിച്ച് ഇതുവരെ സർക്കാരിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടുമില്ല.
18 വയസിന് മുകളിലുളള വ്യക്തികൾ, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ധർമ്മ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പദ്ധതിയിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് ധനസഹായം നൽകുന്നതാണ് പദ്ധതി.വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പദ്ധതിയിൽ പരമാവധി അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഓരോ ലക്ഷം രൂപയ്ക്കും ഒരാൾക്ക് വീതം തൊഴിൽ ലഭ്യമാക്കണം. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് മൊത്തം പദ്ധതി ചിലവിന്റെ 25 ശതമാനവും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 40 ശതമാനവും മാർജിൻ മണിയായി ലഭിക്കും.
ജനറൽ വിഭാഗത്തിൽ പെട്ട സംരംഭകർ പത്തും മറ്റു വിഭാഗങ്ങൾ അഞ്ചും ശതമാനവും സ്വന്തമായി മുതൽ മുടക്കണം. വ്യക്തികൾക്കും സ്വയം സഹായസംഘങ്ങൾക്കും ആദായകരവും മേന്മയേറിയതുമായ സംരംഭങ്ങൾ കണ്ടെത്തി ആരംഭിക്കുന്നതിന് പദ്ധതി സഹായകരമായിരുന്നു.
പദ്ധതി തുടരാനില്ല
തുടർന്ന് എന്റെ ഗ്രാമം പദ്ധതി നിലനിർത്തുന്നതുമായി ബന്ധപ്പെട്ട കാര്യം സർക്കാർ പരിഗണനനയിലില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. 2024-25 സാമ്പത്തിക വർഷം എന്റെ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി 280 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.ഇതിൽ 23,66,453 രൂപ ഒന്നാം ഘട്ടമായും 60,00,000 രൂപ രണ്ടാം ഘട്ടമായും ആകെ 83,66,453 രൂപ അനുവദിച്ചിട്ടുണ്ട്. ഖാദിബോർഡിന് ഈ വർഷം അനുവദിക്കാൻ ബാക്കിയുള്ള തുകയിൽ നിന്നും സ്പെഷ്യൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം പദ്ധതിക്ക് 1.96 കോടി രൂപ റിലീസ് ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ നിലവിൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് അധികൃതർ പറഞ്ഞു.
ജില്ല -നൽകാനുള്ള സബ്സിഡി തുക
കണ്ണൂർ - 5,48,61,919
കാസർകോട് - 4,05,86,485
വയനാട് - 1,68,71,716
കോഴിക്കോട് - 83,70,286
മലപ്പുറം - 80,53,235
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |