ചെറുവത്തൂർ: ദേശീയപാത നിർമ്മാണത്തിലേർപ്പെട്ട മേഘ കൺസ്ട്രക്ഷൻ പ്രവൃത്തിക്കായി മിൻഹാജുൽ അലി മിർ ചെറുവത്തൂരിൽ എത്തിയത് പത്തുദിവസം മുമ്പ് മാത്രം. ബംഗാളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ റോഡ് പണിക്കായി എത്തിക്കുന്ന ഏജന്റുമാരാണ് പതിനേഴര വയസ് മാത്രം പ്രായമുള്ള മിൻഹാജുൽ അലി മിറിനെ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ സൈറ്റിൽ എത്തിച്ചത്.
മേഘ കൺസ്ട്രക്ഷനിൽ ജോലിയുള്ള നാട്ടുകാർക്കൊപ്പമാണ് ഈ യുവാവ് ചെറുവത്തൂരിലെത്തിയത്.ഇന്നലെ രാവിലെ സംരക്ഷണ ഭിത്തി കെട്ടുമ്പോൾ ഏറ്റവും അടിഭാഗത്താണ് യുവാവ് ഉണ്ടായിരുന്നത്. മണ്ണിടിഞ്ഞുവീണപ്പോൾ കുന്ന് മുഴുവൻ ഇയാളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഏറെ നേരം മണ്ണിനടിയിൽ കുടുങ്ങിയതാണ് ജീവാപായം സംഭവിച്ചതിന് പിന്നിൽ. കോൺക്രീറ്റ് ഭിത്തിയിൽ തലയിടിച്ചതായും സംശയിക്കുന്നു . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചന്തേര പൊലീസും നിർമ്മാണ കമ്പനിക്കാരും നാട്ടിൽ ബന്ധുക്കളെ വിവരം അറിയിച്ചു. അതിനിടെ ഇന്നലെ റോഡ് പണിയുടെ സൈറ്റിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ മുഴുവൻ കമ്പനിക്കാർ പറഞ്ഞുവിട്ടു. നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള 40 മീറ്റർ റീച്ചിലാണ് മേഘ കൺസ്ട്രക്ഷൻ നിർമ്മാണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |