കണ്ണൂർ: പ്രധാനമായും കണ്ണൂർ-കാസർകോട് ജില്ലയിൽ മാത്രമായി കണ്ടു വരുന്ന വെള്ളവയറൻ കടൽ പരുന്തുകളിലൊന്നിനെ രക്ഷപ്പെടുത്തി മാർക്ക് പ്രവർത്തകർ.അതീവ വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഇനത്തിൽ പെട്ട ഒരു പരുന്തിനെ ഇന്നലെ ഒസ്സാൻമൊട്ടയിലെ ഒരു വീട്ടിൽ നിന്നാണ് സംഘം രക്ഷിച്ചെടുത്തത്.
ഹലീറ്റുസ് ലെകൊഗെസർ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവയെ മുൻ കാലങ്ങളിൽ ധാരാളമായി കണ്ടിരുന്നുവെങ്കിലും ഇപ്പോൾ റെഡ് ലിസ്റ്റിൽ പെട്ട വംശനാശം നേരിടുന്ന പക്ഷിയാണ്. മാഹി മുതൽ ഗോവൻ തീരങ്ങൾ വരെയാണ് മുൻ കാലങ്ങളിൽ വെള്ള വയറൻ കടൽ പരുന്തുകളെ കണ്ടിരുന്നത്. എന്നാൽ നിലവിൽ കണ്ണൂർ,കാസർകോട് ജില്ലകളിൽ മാത്രം വിരലിൽ എണ്ണാവുന്നത്രയും പക്ഷികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളു എന്നാണ് മാർക്ക് പ്രവർത്തകരും പറയുന്നത്. ഉയരം കൂടിയ മരങ്ങളിൽ കൂടു കൂട്ടി താമസിക്കുന്ന ഇവയുടെ പ്രധാന ആഹാരം കടൽ പാമ്പുകളും കടൽ ആമകളുമാണ്. എന്നാൽ വലിയ മരണങ്ങൾ ഇല്ലാത്തതും ഭക്ഷണം ലഭിക്കാത്തതുമാണ് ഇവയുടെ വംശനാശത്തിനു കാരണമായി കണക്കാക്കുന്നത്. മറ്റ് പരുന്തുകളെ അപേക്ഷിച്ച പറക്കുമ്പോൾ പൂർണമായും വെള്ളനിറത്തിലാണ് ഇവയെ കാണുക. വയറും ചിറകിന്റെ ഉൾവശവും പൂർണമായും വെള്ള നിറത്തിലാണ്.
മൂന്ന് ദിവസത്തെ വിശ്രമം ആവശ്യം
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി മാർക്ക് പ്രവർത്തകർ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച ഇതിനു വലത്തേ ചിറകിനു പരിക്കുള്ളതായി ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ വിശ്രമമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പരിക്കുകൾ ഭേദമായാൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടുമെന്നും മാർക്ക് പ്രവർത്തകർ അറിയിച്ചു. ജില്ല വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോക്ടർ പത്മരാജനാണ് വെള്ള വയറൻ പരുന്തിനെ ചികിത്സിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |