കണ്ണൂർ: ഏഷ്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ ഡ്രൈവിംഗ് ബീച്ചായ മുഴിപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച് നവീകരിച്ച് ലോക നിലവാരത്തിലേക്കെത്തിയതിന് പിന്നാലെ ബീച്ചിലേക്ക് വൻ ജനപ്രവാഹം. എന്നാൽ ബീച്ചിലേക്കെത്തണമെങ്കിൽ റോഡിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്. ബീച്ചിലേക്കെത്തേണ്ട പ്രധാന വഴികളെല്ലാം ഇടുങ്ങിയതാണ്. പോരാത്തതിന് വഴിയിൽ റെയിൽവേ ഗേറ്റും.
ബീച്ച് റോഡിലെ തിരക്ക് കാരണം ഹൈവേയിലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. റെയിൽവേ മേൽപ്പാലം പണിയാമെന്ന വാഗ്ദാനം ഇതു വരെ നടപ്പിലായിട്ടുമില്ല. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് പ്രശ്നം ഗുരുതരമാകുന്നത്, പ്രദേശ വാസികളും ഇതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഉച്ച കഴിഞ്ഞാൽ പ്രദേശത്ത് നിന്നും പുറത്തേക്ക് വരാനോ പുറത്തു നിന്നും സ്വന്തം വീട്ടിലേക്ക് കയറാനോ സാധിക്കാത്ത സ്ഥിതിയിലാണ് നാട്ടുകാർ. അസുഖ ബാധിതരുമായി ആശുപത്രിയിലേക്ക് പോകാൻ വരെ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കോടികൾ മുടക്കി പുനരുദ്ധികരിച്ചിട്ടും ജനങ്ങൾക്ക് സമാധാനമായി ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ എന്ത് പ്രയോജനമെന്നാണ് കുരുക്കിൽപെടുന്ന വിനോദസഞ്ചാരികൾ ചോദിക്കുന്നത്. മുഴപ്പിലങ്ങാട്ടേക്ക് എത്തുമ്പോൾ ആദ്യം ശ്രദ്ധയിൽപെടുന്നത് ഇടുങ്ങിയ റോഡാണ്. ഇത് കാണുമ്പോൾ തന്നെ സഞ്ചാരികളുടെ സന്തോഷം ഇല്ലാതാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. ആദ്യം ബീച്ചിലേക്കുള്ള പ്രവേശനം സുഗമമാക്കണമെന്നും നാട്ടുകാർ പറഞ്ഞു. നാലാം തീയ്യതിയാണ് നവീകരിച്ച മുഴപ്പിലങ്ങാട് ബീച്ച് മുഖ്യമന്ത്രി ജനങ്ങൾക്ക് തുറന്ന് നൽകിയത്.
പൊലീസിനും പെടാപ്പാട്
ആയിരത്തിലധികം പേർ ദിവസേന മുഴപ്പിലങ്ങാടേക്കെത്തുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. ഇത്രയും ആൾക്കാർ വരുന്നത് ഈ ഇടുങ്ങിയ വഴിയിലൂടെയാണ്. കുളം ബസാർ റോഡും എടക്കാട് ടൗണിൽ നിന്നുമുള്ള റോഡുമാണ് പ്രധാനമായും സഞ്ചാരികൾ ഉപയോഗിക്കുന്നത് ഇവ രണ്ടിലേയും കുരുക്കഴിക്കാൻ പ്രദേശവാസികളും പൊലീസും പെടാപാട് പെടുന്നുണ്ട്. ഈ റോഡുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് ജനങ്ങൾക്കുള്ളത്. വൺവെ സംവിധാനമെങ്കിലും ഏർപ്പെടുത്തണമെന്നതാണ് ജനങ്ങളുടെ പ്രാഥമിക ആവശ്യം.
മുഖം മാറിയ മുഴപ്പിലങ്ങാട് -ധർമ്മടം ബീച്ച്
പദ്ധതിചിലവ് 233.71 കോടി
പദ്ധതി നാല് കാരക്ടർ ഏരിയകളിൽ
നീളം 1.2 കിലോമീറ്റർ
ഒന്നാം ഘട്ട നിർമ്മാണചിലവ് 79.5 കോടി
നടപ്പാത
കുട്ടികൾക്കുള്ള കളിസ്ഥലം
ടോയ്ലറ്റുകൾ
കിയോസ്‌ക്കുകൾ
ലാൻഡ്സ്‌കേപ്പിംഗ്
ഇരിപ്പിടങ്ങൾ
അലങ്കാര ലൈറ്റുകൾ
ഷെയ്ഡ് സ്ട്രക്ചർ
ശിൽപങ്ങൾ
ഗസീബോ
റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് ചെയ്ത് നിലവിലുള്ള തിരക്കിന് പരിഹാരമുണ്ടാക്കും. അതിന് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. -ടി സജിത പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |