കണ്ണൂർ: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ നീതി ലഭിക്കാത്തതിനെ തുടർന്ന് ഇരകൾ കോടതിയെ സമീപിക്കുന്നു. നാലുമാസമായി പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ സ്വന്തം നിലയിൽ കോടതിയെ സമീപിക്കാനാണ് ഇരകളുടെ നീക്കം.അഡ്വ. ആർ. മഹേഷ് വർമ്മ മുഖാന്തിരം
എഴുപതോളം പേർ ഈ ആഴ്ച്ച തന്നെ കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് വിവരം.
പൊലീസിൽ നൽകിയ പരാതിയുടെ രസീതി ഹാജരാക്കിയാൽ മാത്രമേ കോടതിയിൽ ഹരജി നൽകാനാകു . എന്നാൽ പരാതിയുടെ റസീതി നൽകാൻ പൊലീസ് തയാറാകുന്നില്ലെന്ന് ഇവരിൽ ചിലർ ആരോപിച്ചു. ആദ്യഘട്ടത്തിൽ പരാതി നൽകിയവരിൽ കുറച്ച് പേർക്ക് മാത്രമാണ് പൊലീസ് രസീതി നൽകിയത്. പിന്നീട് സമീപിച്ചവരെ മടക്കിയയച്ചുവെന്നും പൊലീസിനെതിരെ ആക്ഷേപമുണ്ട്.രസീതി ക്രൈംബ്രാഞ്ചിന് നൽകിയെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ മടക്കിയയക്കുന്നതെന്ന് തട്ടിപ്പിനിരയായവരിൽ ചിലർ പറഞ്ഞു. അക്ഷയ കേന്ദ്രം വഴി പരാതി നൽകിയവർക്ക് അവിടെ നിന്ന് രസീതി ലഭിച്ചിരുന്നു.എന്നാൽ പൊലീസ് അക്ഷയയെ ഇതിൽനിന്ന് തടഞ്ഞുവെന്നും തട്ടിപ്പിനിരയായവർ ആരോപിച്ചു.
വളപട്ടണത്ത് നൽകിയത് 180 പരാതികൾ
ക്രൈംബ്രാഞ്ചിന് കിട്ടിയത് 130
പാതിവില തട്ടിപ്പിൽ വളപട്ടണം പൊലീസ് സ്റ്റേഷനിൽ 180 പരാതികളാണ് എത്തിയിരുന്നത്.എന്നാൽ കേസ് ക്രൈംബ്രാഞ്ചിൽ എത്തിയപ്പോൾ പരാതികളുടെ എണ്ണം 150 ആയി.ബാക്കി പരാതികളിൽ എന്തു സംഭവിച്ചുവെന്ന് അറിയില്ല.ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോൾ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിന്നും ക്രൈംബ്രാഞ്ചിൽ പോയി അന്വേഷിക്കാനാണ് പറഞ്ഞത്.എന്നാൽ ക്രൈംബ്രാഞ്ചിൽ നിന്നും ഒരു വിവരവും ലഭിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ക്രൈംബ്രാഞ്ച് പരാതിക്കാരെ ആരെയും വിളിപ്പിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവർ പറയുന്നു.പ്രൊമോട്ടർമാരെയും കോ ഓർഡിനേറ്റർമാരെയും ഉൾപ്പെടുത്തിയാണ് ഇരകൾ പരാതി നൽകിയിരുന്നത്. എന്നാൽ ഇവരെ കേസിൽ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് ഇരകളുടെ ആക്ഷേപം.
ഇരകൾ സഹകരിക്കുന്നില്ലെന്ന് പൊലീസ്
ഇരകളെയെല്ലാം വിളിക്കുന്നുണ്ടെന്നും പക്ഷെ, ആരും സഹകരിക്കാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത് .പക്ഷെ, ഇന്നേവരെ തങ്ങളെ പൊലീസ് വിളിച്ചിട്ടില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. ക്രൈം ബ്രാഞ്ച് റമീഷ എന്ന യുവതിയുടെ പരാതിയാണ് അന്വേഷിക്കുന്നത്.ഈ പരാതിയിൽ 180 ഓളം ഇരകൾ കക്ഷികളാകുകയായിരുന്നു. ഇതിൽ റമീഷയുടെ മൊഴി മാത്രമാണ് ക്രൈംബ്രാഞ്ച് എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |