കണ്ണൂർ: മദ്ധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂൾ ബസുകളുടെ പരിശോധന കർശനമാക്കാൻ ഒരുങ്ങി ഗതാഗതവകുപ്പ്. കണ്ണൂർ ജില്ലയിലെ സ്കൂൾ ബസ്സുകളെല്ലാം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കും. ജനുവരിയിൽ തളിപ്പറമ്പ് വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് പതിനൊന്നു വയസുകാരിയായ വിദ്യാർത്ഥിനി മരിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കുറി ജില്ലയിൽ പരിശോധന കർശനമാക്കാൻ തീരുമാനമെടുത്തത്.
ബസ്സുകളുടെ ഫിറ്റ്നസ്, കാലപഴക്കം, ബ്രേക്ക്, ടയർ, ഹെഡ് ലൈറ്റ്, വൈപ്പർ തുടങ്ങി മെക്കാനിക്കൽ ഭാഗങ്ങൾ ഉൾപ്പെടെ പരിശോധിക്കും. വാഹനങ്ങളിൽ സ്പീഡ് ഗവർണറുകളും വിദ്യാ വാഹൻ ആപ്പുകളും സജ്ജമാണോയെന്നും പരിശോധിക്കും ഫസ്റ്റ് എയിഡുകൾ, എമർജൻസി എക്സിറ്റുകൾ, തീ ഉണ്ടായാൽ അണക്കാനുള്ള സംവിധാനങ്ങൾ എന്നിവ ബസുകളിലുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധമാക്കിയിട്ടുണ്ട്. പോരായ്മകൾ കണ്ടെത്തിയാൽ പരിഹരിച്ചതിന് ശേഷം വീണ്ടും വാഹനം ഹാജരാക്കാൻ നിർദ്ദേശം നൽകും .ഇതിന് ശേഷം മാത്രമേ വിദ്യാർത്ഥികളെ കയറ്റാനുള്ള അനുമതി നൽകുകയുള്ളു. ബസുകളിൽ മൂന്ന് ക്യാമറകൾ വേണമെന്ന നിർദ്ദേശമുണ്ടെങ്കിലും ഈ ഉത്തരവ് നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാൽ ഒരു ക്യാമറ നിർബന്ധമായും ഉണ്ടെന്ന് ഉറപ്പുവരുത്തും.
25ന് ശേഷം വാഹനങ്ങൾ ഹാജരാക്കണം
ജില്ലയിൽ 25 ന് ശേഷമാണ് വാഹനങ്ങൾ ഹാജരാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുള്ളതും പരിശോധനകൾ നടക്കുന്നതും. ഇതിന് പുറമെ സ്കൂൾ ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും നൽകും. ഇതിന്റെ
അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.വാഹനങ്ങളിൽ കയറ്റാവുന്ന വിദ്യാർഥികളുടെ എണ്ണത്തിലും കൃത്യമായ നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. ഓരോ വാഹനത്തിന്റെയും വലുപ്പത്തിനും കപ്പാസിറ്റിക്കും അനുസരിച്ചാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കിലോ കൂടുതൽ വിദ്ധ്യാർഥികളെ കയറ്റുകയാണെങ്കിലോ കർശന നടപടികൾ ഉണ്ടാകും.
കബളിപ്പിച്ചാൽ പിടി വീഴും
പരിശോധനയ്ക്ക് മാത്രമായി പുതിയ ടയറുകളും ജി.പി.എസുകളും മറ്റ് സംവിധാനങ്ങളും ഘടിപ്പിച്ച് ഹാജരാക്കുന്നത് കർശനമായും തടയുമെന്നും ആർ.ടി.ഒ അധികൃതർ പറഞ്ഞു.ഇതിനായി ഇടക്കിടെ പരിശോധനകളുണ്ടാകും. ഇതിന് പുറമെ റോഡിൽ വാഹനങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. വിദ്യാർത്ഥികളെ കയറ്റുന്ന മറ്റ് വാഹനങ്ങളും നിരീക്ഷിക്കപ്പെടും. അശ്രദ്ധ കൊണ്ടോ അനാസ്ഥ കൊണ്ടോ ഒരു കുരുന്നിന്റേയും ജീവൻ നിരത്തുകളിൽ പൊലിയരുത് എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
നിർദ്ദേശങ്ങൾ വേറെയും
കയറ്റാനും ഇറക്കാനും പരിശീലനം നേടിയ സഹായി
കുട്ടികളെ നിർത്തി യാത്ര അരുത്
പരമാവധി വേഗം 50 കി.മി
ക്രിമിനൽ പശ്ചാത്തലമുള്ളവരും കേസുകളിൽ പ്രതിയായവരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെയും ഡ്രൈവർമാരായി നിയോഗിക്കരുത്
കൃത്യമായ നൈപുണ്യമുണ്ടായിരിക്കണം
വാഹന പരിശോധന കർശനമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലയിൽ 25 ന് ശേഷം പരിശോധനകൾ നടക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഉത്തരവാദിത്തപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.- ഇ.എസ് ഉണ്ണികൃഷ്ണൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |