ആറളം പുനരധിവാസ മേഖലയിൽ മാത്രം 12 ഇടത്ത് കാട്ടാനകളിറങ്ങി
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ നിന്നും തുരത്തിയ ആനകൾ തൊട്ടുപിറകെ തിരിച്ചെത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പത്ത് ആനകളെ കാട്ടിൽ കയറ്റിയെങ്കിലും രാത്രി 8 മണിമുതൽ മേഖലയിലെ പന്ത്രണ്ടോളം ഇടത്ത് ആനകളിറങ്ങി. വനപാലകർ എത്തി ഇവയെ തുരത്തിയെങ്കിലും പുനരധിവാസ മേഖലക്കുള്ളിൽ തുടരുന്ന ആനകളെ നിയന്ത്രിക്കാൻ വനം വകുപ്പിന് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശവാസികളുടെ ഫോൺ വരുമ്പോൾ വനപാലകർ സ്ഥലത്ത് എത്തുന്നുണ്ടെങ്കിലും ആനഭീതിക്ക് പരിഹാരം കാണാൻ വകുപ്പിന് കഴിയുന്നില്ലെന്നും ഇവർ പരിതപിക്കുന്നു.
ദമ്പതികളുടെ മരണത്തിന് ശേഷം ആരംഭിച്ച അടിക്കാട് വെട്ടൽ ഏകദേശം നിലച്ച മട്ടാണ്. അടിക്കാട് വെട്ടൽ ഒരു കാരണവശാലും നിർത്തരുതെന്നാണ് കഴിഞ്ഞ അവലോകന യോഗത്തിലെ തീരുമാനം. കഴിഞ്ഞ യോഗത്തിൽ അടിക്കാട് വെട്ടാൻ ലക്ഷങ്ങൾ ചിലവായെന്നും പണമില്ലെന്നും ടി.ആർ.ഡി.എം പ്രതിനിധി സൂചിപ്പിച്ചിരുന്നു . തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ടി.ആർ.ഡി.എമ്മിന്റെയും വനം വകുപ്പിന്റെയും ഉദ്യോഗസ്ഥർ യോഗത്തിൽ എത്താതിരുന്നതും ചർച്ചയായിരുന്നു. ദമ്പതികളുടെ മരണത്തിന് ശേഷം മന്ത്രി പങ്കെടുത്ത യോഗത്തിൽ മാത്രമാണ് ഡി. എഫ്.ഒ എത്തിയതെന്ന ആക്ഷേപവും
പ്രദേശവാസികൾക്കുണ്ട്.
എങ്ങുമെത്താതെ ആനമതിൽ
പുനരധിവാസ മേഖലയിലെ 14 ജീവനുകൾ കാട്ടാനക്കലിപ്പിൽ പൊലിഞ്ഞിട്ടും ആനമതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ് . പത്തു കിലോമീറ്ററിൽ പകുതിദൂരം നിർമ്മാണം നടന്നെന്ന അവകാശവാദത്തിനിടയിലും ബ്ലോക്ക് 13 ൽ പലഭാഗങ്ങളിലും നിർമ്മാണം അപൂർണമാണ് . ഇതുവഴിയാണ് ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത്.
പ്രഹസനമായി അവലോകനയോഗങ്ങൾ
പുനരധിവാസ മേഖലയിൽ വെള്ളി ലീല ദമ്പതികളുടെ മരണത്തിന് ശേഷം മന്ത്രി നേരിട്ടെത്തിയ യോഗത്തിൽ രൂപീകരിച്ച പ്രാദേശിക കമ്മറ്റിയുടെ യോഗങ്ങൾ പ്രഹസനം ആകുന്നു. എം.എൽ.എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ചുരുക്കം ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചർച്ചകൾ എങ്ങുമെത്താതെ പോകുന്നു . സോളാർ തൂക്കുവേലിയുടെ അറ്റകുറ്റപ്പണി ആര് നിർവഹിക്കുമെന്നതിൽ ടി.ആർ.ഡി.എം , വനവകുപ്പുകൾ മത്സരത്തിലാണ്. ആരും തയാറാകാതെ വരുമ്പോൾ പഞ്ചായത്തിനെ ഏൽപ്പിച്ച് രക്ഷപെടാനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |