കണ്ണൂർ: മദ്ധ്യവേനവലധി അവസാനഘട്ടത്തിലെത്തിയതോടെ ഉണർന്ന് സ്കൂൾ വിപണി. പുതിയ ട്രെൻഡുകളുമായി ബാഗുകളും കുടകളും ബുക്കുകളുമെല്ലാം കടകളിൽ ഇടംപിടിച്ചുകഴിഞ്ഞു. അനിമേഷൻ ചിത്രമുള്ള ത്രീ ഡി ബാഗുകൾ, വെള്ളത്തിന്റെ ചൂട് രേഖപ്പെടുത്തുന്ന വാട്ടർ ബോട്ടിൽ, ലൈറ്റുള്ള കുടകൾ, പൗച്ചുകൾ എന്നിങ്ങനെ കുട്ടികളുടെ മനസ് കീഴടക്കാനുള്ള പൊടിക്കൈകളെല്ലാം ഇക്കുറിയും സ്കൂൾ വിപണിയിലുണ്ട്.
ബാഗുകൾ 300 മുതൽ 3500 രൂപ വരെയുള്ളവയാണ്. പതിനെട്ടു മുതൽ 200 രൂപ വരെ നോട്ട് ബുക്കുകളുമുണ്ട്.കുടകൾ, ഇൻസ്ട്രമെന്റ് ബോക്സുകൾ, പൗച്ചുകൾ, ടിഫിൻ ബോക്സുകൾ എന്നിവയിലും വിലയിലെ വൈവിദ്ധ്യം പ്രകടം. പഠനോപകരണങ്ങൾക്കെല്ലാം പത്ത് മുതൽ 50 ശതമാനം വരെ വിലകിഴിവെന്ന ഓഫറുകളും കച്ചവടക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
സർക്കാർ മേളകൾ , ഓൺലൈൻ വിപണി
എന്നാൽ സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന മെഗാ സ്കൂൾ കിറ്റ് മേളകളും സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്ന പഠനോപകരണ വില്പനശാലകളും വലിയ തിരിച്ചടിയാകുന്നുണ്ടെന്ന അഭിപ്രായവും കച്ചവടക്കാർക്കുണ്ട്. വിലക്കുറവാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകം.ആളുകൾ ഓൺ ലൈൻ സൈറ്റുകളെ ആശ്രയിക്കുന്നതും ചെറുകിടകച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ വേനൽ അവധിയുടെ തുടക്കത്തിൽ ലഭിച്ച കച്ചവയം എന്തായാലും ഈ വർഷം ലഭിച്ചില്ലെന്നാണ് ഇവരുടെ അഭിപ്രായം. മെഗാ മേളകളിലേക്കും സർക്കാർ സജ്ജീകരിച്ചിട്ടുള്ള കിറ്റുകളിലേക്കും ആളുകൾ ധാരാളം എത്തുന്നുണ്ട്.
ചൈനീസ് ഉത്പ്പന്നങ്ങളും സജീവം
സ്കൂൾ വിപണി കൈയടക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങളും വൻതോതിൽ വിപണിയിൽ കടന്നുകൂടിയിട്ടുണ്ട്. കൊറിയൻ, ജാപ്പനീസ് ഇൻസ്പയേഡ് ഉൽപന്നങ്ങളും കുട്ടികൾക്ക് പ്രിയപ്പെട്ടതാണ്. മോതിരം, ലിപ്സ്റ്റിക്, കണ്ണട, ഹെയർ ബാൻഡ്, ഡോണറ്റ് എന്നിങ്ങനെ വിവിധ ആകൃതിയിലുള്ള ഇറേസറുകൾ ഉൾപ്പെടെയുള്ള സ്റ്റേഷനറി ഉത്പന്നങ്ങൾ ഇക്കൂട്ടത്തിലുള്ളതാണ്. ജാപ്പനീസ് ലഞ്ച് ബോക്സുകളാണ് ‘ബെന്റോ’. ഇറേസബിൾ ഹൈലൈറ്റേഴ്സ്, ടർക്കോയിസ് ഹൈലൈറ്റേഴ്സ് എന്നിവയോടും കുട്ടികൾ ചങ്ങാത്തം കൂടികഴിഞ്ഞു.
കച്ചവടം നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ധാരാളം മേളകളും മറ്റും ഉള്ളതിനാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവാണ്. വൈകുന്നേരങ്ങളിലാണ് കൂടുതലായും ആൾക്കാർ എത്തുന്നത്. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് 20 ശതമാനം മുതൽ50 ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. സ്കൂൾ തുറന്നതിന് ശേഷം നല്ല കച്ചവടം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ഗോൾഡൻ എസ്കോർട്ട്ബുക്ക് സ്റ്റാൾ ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |