കണ്ണൂർ : ഇന്നലെ രാവിലെ മുതൽ കണ്ണൂർ-കാട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്-മയ്യിൽ റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു.പുല്ലൂപ്പിക്കടവിൽ ഒരു സംഘം ബസ് ഡ്രൈവറെ മർദ്ദിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.സംഭവത്തിൽ മയ്യിൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു.കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ പുല്ലൂപ്പികടവിൽ റെജ ബസ് ഡ്രൈവറും പുല്ലൂപ്പിക്കടവ് സ്വദേശിയുമായ കെ.പി.ജഷീറിനെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി.
ബസ്സ് പുല്ലൂപ്പിക്കടവിൽ പാർക്ക് ചെയ്യാനായി എത്തിയപ്പോൾ തിരിക്കുന്നതിനിടെയാണ് അക്രമം.നിർത്തിയിട്ടിരുന്ന ഒരു കാർ മാറ്റാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.വാക്കേറ്റത്തിനിടയിൽ അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് ജഷീറിന്റെ പരാതി.സംഭവത്തിൽ നിഷാദ്,ഷംനാസ്,അർഷാദ് എന്നിവർക്കെതിരെയാണ് മയ്യിൽ പൊലീസ് കേസെടുത്തത്.ഈ സംഭവത്തിന് ശേഷം രാത്രിയോടെയാണ് ബസ് ജീവനക്കാർ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.രാവിലെ മുതൽ മയ്യിൽ -കണ്ണാടിപറമ്പ് റൂട്ടിൽ സ്വകാര്യ ബസ്സുകൾ ഒന്നും തന്നെ ഓടിയില്ല. മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയത് യാത്രക്കാരെ വലച്ചു.
നടപടിയെടുത്തിട്ടും ജനത്തെ വലച്ചു
ഇടക്കിടെയുണ്ടാകുന്ന മിന്നൽ പണിമുടക്കിനെതിരെ മയ്യിൽ പൊലീസ് നേരത്തെ കർശ്ശന നിർദേശം നൽകിയിരുന്നു .ഇന്നലത്തെ സംഭവത്തിൽ പരാതി കിട്ടയ ഉടനെ പൊലീസ് നടപടിയെടുത്തിട്ടും തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയത് ഉചിതമായില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.നിയമപ്രകാരമുള്ള നോട്ടീസ് നൽകാതെ നടത്തുന്ന പണിമുടക്കിനെ പിന്തുണക്കില്ലെന്ന് ബസ് തൊഴിലാളികളുടെയും ഉടമകളുടേയും സംഘടനകളും വ്യക്തമാക്കിയിരുന്നു.എന്നാൽ നിരന്തരമായി തങ്ങൾ ആക്രമണത്തിന് ഇരയാവുകയാണെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതുവരെ സമരം തുടരുമെന്നുമാണ് ബസ് തൊഴിലാളികളുടെ വാദം.ബസുകൾ തിരിക്കാനുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് പ്രശ്നമെന്നും ഇത് അവസാനിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ സൗകര്യം ഒരുക്കണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെടുന്നു.
പണിമുടക്കിയവർ പിഴയൊടുക്കണം
അതെ സമയം മുന്നറിയിപ്പില്ലാതെ സർവീസ് മുടക്കിയ ബസുകൾക്ക് മയ്യിൽ പൊലീസ് പതിനായിരം രൂപ പിഴ വിധിച്ചിരിക്കുകയാണ്. വാട്സ് ആപ്പിലൂടെ സമരത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കാനും തീരുമാനമായി. നിലവിലുള്ള തീരുമാനം ലംഘിച്ച് മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തവർക്കെതിരെയും പെർമിറ്റിന് വിരുദ്ധമായി സർവ്വീസ് നിർത്തി വെക്കുന്ന ഉടമകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്തസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് നടപടികൾ സ്വീകരിച്ചിട്ടും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സമരം നടത്തുന്ന തൊഴിലാളികളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
വി.വി പുരുഷോത്തമൻ,സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്തസമിതി കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |