ജർമ്മനിക്കെതിരെയുള്ള സോവിയറ്റ് വിജയത്തിന്റെ 80ാം വാർഷികാഘോഷം
പയ്യന്നൂർ :ലോകം ഫാസിസത്തിന്റെ പിടിയിലാകുവാൻ സാദ്ധ്യതയുണ്ടായിരുന്ന ഘട്ടത്തിലാണ്
രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയിലെ ചെമ്പടയുടെ ശക്തിയിൽ ജർമ്മൻ സൈന്യത്തെ പരാജയപ്പെടുത്തി ലോകത്തെ മുഴുവൻ രക്ഷിച്ചതെന്ന് സി.പി.എം ജനറൽസെക്രട്ടറി എം.എ.ബേബി. ആ ഓർമ്മയിൽ നിന്ന് ചെങ്കൊടിയുടെ പാരമ്പര്യം ഉൾക്കൊണ്ട് വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജർമ്മൻ ഫാസിസത്തിന് മേൽ ചെമ്പട നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം.ഏരിയ കമ്മിറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസം ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കുമെന്ന വിശ്വാസമാണ് രണ്ടാം ലോക മഹായുദ്ധം വരെയുണ്ടായിരുന്നത്. ഹിറ്റ്ലറുടെ സൈന്യത്തിൻ്റെ മുക്കാൽ പങ്കും പരാജയപ്പെട്ടത് സോവിയറ്റ് യൂണിയന്റെ ചെമ്പടയോടാണ്. ഫാസിസത്തിന് മേലേയുള്ള വിജയം ലോകത്തെ മുഴുവനായി മാറ്റി മറിച്ചുവെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ പങ്കിനെ കുറച്ച് കാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുവാനാണ് ശ്രമം നടക്കുന്നത്. ഇന്ത്യയിലും പഴയ ചരിത്രങ്ങൾ വളച്ചൊടിക്കുവാനും ന്യൂനപക്ഷങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഹിറ്റ്ലർ കാണിച്ച പാത പിൻതുടരുവാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബേബി ആരോപിച്ചു.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്താൻ കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമത് തുടർഭരണവും ത്രിതല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലെ വിജയവും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യം ഇടത്പക്ഷ ഭരണം ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ കൂടുതൽ ശക്തിപ്പെടുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യമൊട്ടാകെ ഇനിയും ശക്തി പ്രാപിച്ച് വളർന്ന് വരണം.ബംഗാളിലും മറ്റും ഇടക്കാലത്തുണ്ടായ ശക്തിക്ഷയം കൂട്ടായ പ്രയത്നത്തിലൂടെ പരിഹരിക്കുന്നതിന് കേരളത്തിലെ ഭരണ തുടർച്ച സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി.ഐ. മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.സന്തോഷ് സ്വാഗതം പറഞ്ഞു.ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, വി.നാരായണൻ, സി കൃഷ്ണൻ, സരിൻ ശശി, വി.കുഞ്ഞികൃഷ്ണൻ, കെ.പി.ജ്യോതി, കെ.കെ.ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |