കണ്ണൂർ: പയ്യാവൂരിൽ വീട്ടിൽ കയറി ഇരുമ്പു പണിക്കാരനായ നിധീഷ് ബാബുവിനെ(31) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി നടുവിൽ കോട്ടയം തട്ട് സ്വദേശി അപ്പു എന്ന കെ.ബിജേഷ് (31) പൊലീസിനെ വെട്ടിച്ച് തളിപ്പറമ്പ് കോടതിയിൽ ഇന്നലെ രാവിലെ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കള്ളത്തോക്ക് നിർമ്മിക്കാനായി ദിവസങ്ങൾക്ക് മുന്നെ പഴയ ഒരു തോക്കും പണവും ഒന്നാം പ്രതിയായ ബിജേഷ് കൊല്ലപ്പെട്ട നിധീഷിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ തോക്ക് നിർമ്മിക്കാൻ കാലതാമസമെടുത്തത് കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് രണ്ടാം പ്രതിയായ രതീഷ് പൊലീസിന് മൊഴി നൽകിയത്. കൊലപാതകത്തിന് മുന്നേ ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ കെ.ബിജേഷിനെ രണ്ട് ദിവസത്തിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം തെളിവെടുപ്പ് നടത്തുമെന്ന് പയ്യാവൂർ പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കാഞ്ഞിരക്കൊല്ലി ആമിനത്തോട് സ്വദേശിയായ നിധീഷ് ബാബുവിനെ ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |