ഏപ്രിൽ 30നകം ആറ് കി.മി പൂർത്തീകരിക്കണമെന്ന നിർദ്ദേശം നടപ്പായില്ല
ഇരിട്ടി: സമയ പരിധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാഞ്ഞതിനാൽ ആറളം ഫാമിലെ ആനമതിൽ നിർമ്മാണത്തിൽ കരാറുകാരനെ ഒഴിവാക്കാൻ പൊതുമാരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം നടപടി തുടങ്ങി. ഏപ്രിൽ 30നുള്ളിൽ ആറു കിലോമീറ്റർ മതിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന വനം വകുപ്പിന്റെയും ആറളം ഫാം നിരീക്ഷണ സമിതിയുടേയും നിർദ്ദേശം നടപ്പാക്കാഞ്ഞതിനെ തുടർന്നാണ് നടപടി.
സണ്ണിജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന നിരീക്ഷണ സമിതി യോഗം മതിൽ നിർമ്മാണത്തിലെ പുരോഗതിയും ഫാമിലെ ആനതുരത്തലും സുരക്ഷാ നടപടികളും വിലയിരുത്തി. ആറുകിലോമീറ്റർ മതിലിൽ മൂന്നര കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ ആയിട്ടുള്ളു. ആറളം വളയംചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെ പത്തര കിലോമീറ്ററാണ് മതിൽ നിർമ്മിക്കേണ്ടത്.
പ്രവൃത്തി തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദിവാസി ദമ്പതികൾ കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടാണ്ടായ രോഷത്തിനിടയിലാണ് മതിൽ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാനും നിർമ്മാണം വിലയിരുത്തുന്നതിന് എം.എൽ.എ , മരാമത്ത്, വനം എന്നിവയിലെ ഉന്നത ഉദ്ദ്യോഗസ്ഥർ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ എന്നിവരടങ്ങിയ നിരീക്ഷണ സമിതിക്ക് രൂപം നൽകിയത്. എല്ലാ മാസവും സമിതി യോഗം ചേർന്ന മതിലിന്റെ നിർമ്മാണവും ആനതുരത്തൽ ഉൾപ്പെടെയുള്ള നടപടികളും വിലയിരുത്തിയിരുന്നു. നിർമ്മാണം വൈകുന്നത് കരാറുകാരന്റെ അനാസ്ഥയാണെന്ന് സമിതിയിൽ നേരത്തെ ആരോപണം ശക്തമായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിച്ച നിമ്മിക്കേണ്ട സോളാർ വേലിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഇന്നലെ ചേർന്ന സമിതിയോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻഅറിയിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീവ്, ആറളം ഫാം മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ് , ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് , തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു .
ആനതുരത്തിൽ തുടരാനും തുരത്തിയ ആനകൾ വീണ്ടും പുനരധിവാസ മേഖലയിലേക്കും ആറളം ഫാമിലേക്കും തിരികെ പ്രവേശിക്കുന്നതിലും ജാഗ്രത തുടരണം- സണ്ണി ജോസഫ് എം.എൽ.എ
6. കി.മി പൂർത്തിയാക്കണം
33 കോടിയുടെ പ്രവൃത്തി
3.5 കി.മിയിൽ ഒതുങ്ങി
അടിക്കാട് വെട്ടൽ തുടരണമെന്ന് നിരീക്ഷണസമിതി
ജനവാസ മേഖലയിൽ കാട്ടാനകൾ താവളമാക്കാതിരിക്കാൻ അടിക്കാടു വെട്ടലും കാട്ടാന തുരത്തലും തുടരണമെന്ന് നിരീക്ഷണ സമിതിയോഗം നിർദ്ദേശിച്ചു. സോളാർ വേലികളുടെ പരിപാലനം ആദിവാസി പുരധിവാസ മിഷനെ ഏൽപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കിയതായി വനം വകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു.
സോളാർ ഫെൻസിംഗ് ഫലപ്രദമാകുന്നില്ലെന്ന് വനംവകുപ്പ്
ആനമതിൽ നിർമ്മിക്കാത്ത ഭാഗങ്ങളിൽ സോളാർ ഫെൻസിംഗ് ഫലപ്രദമാകുന്നില്ലെന്ന് യോഗത്തിൽ വനംവകുപ്പ് അധികൃതർ തന്നെ സമ്മതിച്ചു. വനമേഖലയായതിനാൽ ആനകൾ മരം വേലിക്ക് മുകളിലേക്ക് തള്ളി ഇടാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |