കണ്ണൂർ: യു.ജു.സി നിർത്തലാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി. കാലങ്ങൾക്ക് മുന്നേ യു.ജി.സി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ റദ്ദാക്കിയതാണ്. യുജിസി റെഗുലേഷൻ പ്രകാരം ബിരുദകോഴ് സുകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ അംഗീകൃതമല്ല. റെഗുലേഷനിൽ സർവകലാശാലകൾ വിവിധ കോഴ്സുകൾ നടത്തേണ്ട വിദ്യാഭ്യാസ രീതികളുടെ ലിസ്റ്റിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാഭ്യാസ രീതി ഉൾക്കൊള്ളിച്ചിട്ടില്ല. ഹൈക്കോടതിയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ അംഗീകൃതമല്ലെന്ന് യു.ജി.സി സത്യവാങ്മൂലവും നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂർ സർവ്വകലാശാല കഴിഞ്ഞ ദിവസം പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചത്. മുൻ വർഷങ്ങളിലും യൂണിവേഴ്സിറ്റി പ്രൈവറ്റ് കോഴ്സുകൾ നടത്തിയിരുന്നു. ആയിരത്തോളം വിദ്യാർത്ഥികളാണ് ഇതുവഴി പഠനം നടത്തിയത്. യു.ജി.സി അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ ജോലി സാദ്ധ്യത പോലും സംശയത്തിലാണ്.
യു.ജി.സി നിഷ്കർഷിക്കുന്നത്
റെഗുലർ, ഡിസ്റ്റന്റ്, ഓൺലൈൻ സ്ട്രീമിംഗ് എന്നിവയാണ് യു.ജി.സി അനുവദിച്ച കോഴ്സുകൾ. 2003 വരെ പ്രൈവറ്റ് രജിസ്‌ട്രേഷൻ ഉണ്ടായിരുന്ന യൂണിവേഴ്സിറ്റിയിൽ പിന്നീട് ഡിസ്റ്റന്റ് എജ്യുക്കേഷൻ നിലവിൽ വന്നെങ്കിലും പിന്നാലെ അതും നിർത്തി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിയമം നിലവിൽ വന്നതോടെയായിരുന്നു ഓപ്പൺ സർവകലാശാല നടത്തുന്ന ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കോഴ്സുകൾ മറ്റ് യൂണിവേഴ്സിറ്റികൾ നടത്തുന്നത് തടഞ്ഞത്. എന്നാൽ ഈ നിയമങ്ങളെയെല്ലാം അവഗണിച്ചാണ് കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പരാതിയുമായി സംഘടനകളും
യു.ജി.സി നിയമത്തിന് വിരുദ്ധമായ കോഴ്സുകൾ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും വിദ്യാർത്ഥികളെ ഇത് ബാധിക്കുമെന്നും സർവ്വകലാശാല സെനറ്റേഴ്സ് ഫോറം കുറ്റപ്പെടുത്തി. റെഗുലർ വിദ്യാർത്ഥികൾക്ക് നൽകുന്ന അതേ ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് നൽകുന്നത് യു.ജി.സിയേയും രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കാനാണ്. പാരലൽ കോളേജുകളെ സഹായിക്കുന്നതിനാണ് യൂണിവേഴ്സിറ്റി ഇത്തരം നിലപാട് കൈക്കൊണ്ടതെന്നും ഫോറം ആരോപിച്ചു. മേയ് 22ന് ഇറക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ നോട്ടിഫിക്കേഷൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ജി.സി, ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസിലർ എന്നിവർക്ക് സെനറ്റേഴ്സ് ഫോറം പരാതി നൽകിയിട്ടുമുണ്ട്.
തീർത്തും നിയമവിരുദ്ധമായാണ് സർവ്വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്തുന്നത്. നിലവിൽ അനുവദിക്കപ്പെട്ട 100 കോടിയുടെ റൂസ ഫണ്ട് അടക്കം വരുന്ന ഭീമമായ യു.ജി.സി ധനസഹായം പോലും തടസ്സപ്പെടുന്ന സാഹചര്യം ഇത് കാരണം ഉണ്ടായേക്കാം. ഡോ.ഷിനോ പി.ജോസ് സർവ്വകലാശാല സെനറ്റ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |