കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ ആചാരവിധിപ്രകാരം നീരെഴുന്നള്ളത്ത് നടന്നു.കഴിഞ്ഞ മഹോത്സവത്തിന് ശേഷം അക്കരെ സന്നിധാനത്തു നിന്നും പിൻവാങ്ങിയ അടിയന്തര യോഗക്കാരും ആചാരന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ അക്കരെ സന്നിധാനത്തിലെ സ്വയംഭൂ കുടികൊള്ളുന്ന മണിത്തറയിൽ
ആദ്യമായി പ്രവേശിക്കുന്ന ഇടവമാസത്തിലെ മകം നാളിലെ അതിവിശിഷ്ട ചടങ്ങാണിത്.
കോട്ടയം തെരുവിലെ തിരൂർ കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിൽ ഉത്സവ ആവശ്യത്തിനുള്ള വിളക്കു തിരി എഴുന്നള്ളത്ത് ഇന്നലെ രാവിലെ ഇക്കരെ കൊട്ടിയൂരിൽ എത്തിയ. ഒറ്റപ്പിലാൻ, പുറങ്കലയൻ, ആശാരി, പെരുവണ്ണാൻ സ്ഥാനികർ ചേർന്ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ ആയില്യാർ കാവിന് മുന്നിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ മന്ദംചേരിയിലെ ബാവലിക്കരയിലും തണ്ണീർകുടി ചടങ്ങ് നടത്തി.തുടർന്ന് സമുദായി സ്ഥാനികൻ കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാടിൻ്റെയും ജന്മശാന്തി പടിഞ്ഞിറ്റ ശ്രീറാം നമ്പൂതിരിയുടെയും നേതൃത്വത്തിൽ അടിയന്തര യോഗം ഇക്കരെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ആചാരപ്രകാരം പ്രത്യേക വഴികളിലൂടെ നടന്ന്
മന്ദംചേരിയിലെ ഉരുളിക്കുളത്തിന് സമീപത്തു നിന്നും കൂവ ഇലകൾ പറിച്ചെടുത്ത് ബാവലിക്കരയിൽ എത്തി. ഇതോടെ മറുകരയിൽ നിന്നിരുന്ന ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ സ്ഥാനികർ സമുദായി സ്ഥാനികനും ജന്മശാന്തിക്കും നീരെഴുന്നള്ളത്തിന് അനുവാദം നൽകി.
സ്ഥാനികർ സ്നാനത്തിനിറങ്ങിയപ്പോൾ ഒറ്റപ്പിലാനും സംഘവും അക്കരെ സന്നിധാനത്തിലേക്ക് പുറപ്പെട്ട് തിരുവഞ്ചിറയിൽ കാത്തുനിന്നു. സമുദായിയും പടിഞ്ഞിറ്റ നമ്പൂതിരിയും കൂവ ഇലയിൽ ബാവലി തീർത്ഥം ശേഖരിച്ച് പ്രത്യേക വഴിയിലൂടെ നടന്ന് മണിത്തറയിൽ പ്രവേശിച്ചു. ഇവരെ അനുഗമിച്ച് അടിയന്തര യോഗക്കാരും അവകാശികളും മണിത്തറയിൽ എത്തി.തുടർന്ന് കൂവയിലക്കുമ്പിളിൽ ശേഖരിച്ചു കൊണ്ടുവന്ന തീർത്ഥം ജന്മശാന്തി പടിഞ്ഞിറ്റ നമ്പൂതിരി സ്വയംഭൂ സ്ഥാനത്ത് അഭിഷേകം ചെയ്തു.തുടർന്ന് സാഷ്ടാംഗ പ്രണാമം ചെയ്ത് അമ്മാറക്കൽ തറ വണങ്ങി സംഘം ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങി.അർദ്ധരാത്രിയോടെ ആയില്യാർക്കാവിൽ പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗൂഢ പൂജയും അപ്പട നിവേദ്യവും നടത്തി.എട്ടിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |