തളിപ്പറമ്പ്:ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പം കപ്പണത്തട്ട് വഴിയുള്ള വാഹന ഗതാഗതം ഇന്ന് വൈകുന്നേരത്തോടെ പുന സ്ഥാപിക്കും. . മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ 10 ദിവസത്തോളമായി ഇതുവഴി വാഹനങ്ങൾ കടത്തി വിടാത്തത് ദേശീയപാതയിലെ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതൽ കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് പ്രവൃത്തികൾക്കായി കഴിഞ്ഞ മേയ് 25 മുതലാണ് കുപ്പം റോഡിൽ ഗതാഗതം നിരോധിച്ചത്.തുടർന്ന് തളിപ്പറമ്പ് പയ്യന്നൂർ റൂട്ടിൽ വൻ യാത്രാ ദുരിതമാണ് ഉണ്ടായത്. പയ്യന്നൂർ ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെ കുപ്പം ഏഴോം നെരുവമ്പ്രം വഴി പരിയാരം മെഡിക്കൽ കോളജിന് മുന്നിലെത്തിയും തളിപ്പറമ്പ് ഭാഗത്തേക്കുള്ളവ ചുടലയിൽ നിന്നും മുക്കുന്ന് റോഡിലേക്ക് പ്രവേശിച്ച് കുപ്പത്ത് എത്തിയുമാണ് സർവ്വീസ് പൂർത്തിയാക്കിയിരുന്നത്. സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്രമീകരണമാണെങ്കിലും സ്വകാര്യ ബസുകൾക്ക് ഉൾപ്പെടെ സമയനഷ്ടവും ഇന്ധനനഷ്ടവുമുണ്ടായി. എന്നാൽ അനുകൂല കാലാവസ്ഥ ലഭിച്ചിട്ടും പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി സുരക്ഷിതത്വം ഉറപ്പിക്കാനോ ഗതാഗതം പുനസ്ഥാപിക്കാനോ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ബസുകൾ സർവീസ് നിർത്തിവച്ചത്.അപ്രതീക്ഷിതമായി ബസുകൾ പണിമുടക്കിയതോടെ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ വലഞ്ഞു.
വൈകുന്നേരത്തോടെ പാത സുരക്ഷിതമാകും
സംരക്ഷണഭിത്തി അതേസമയം മെറ്റൽ സാന്റ് ചാക്കുകളിൽ നിറച്ച് സംരക്ഷണ ഭിത്തി ഒരുക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ഇത് യന്ത്രസഹായമില്ലാതെ തൊഴിലാളികൾ ചെയ്യുന്നതായതിനാലാണ് കാലതാമസം നേരിട്ടത്. അതോടൊപ്പം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പാറക്കല്ല് ഏതുനിമിഷവും പാതയിലേക്ക് പതിക്കാവുന്ന നിലയിലാണ്. ഇന്ന് വൈകുന്നേരത്തോടെ പാറക്കല്ല് നീക്കി കുപ്പം കപ്പണത്തട്ട് വഴി ഗതാഗതം പൂർണ്ണമായി അനുവദിക്കുമെന്ന് കരാർ കമ്പനി അധികൃതരും ദേശീയപാത അതോറിറ്റിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |