കണ്ണൂർ: ജലാശയങ്ങൾ ദുരന്തകാരികളായി മാറുന്ന സംഭവങ്ങളാണ് ജൂൺ മാസം പിറന്നതോടെ മിക്ക ദിവസവും കേൾക്കുന്നത്. പത്തുദിവസത്തിനകം ആറ് ജീവനുകളാണ് കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ജലാശയങ്ങളിൽ പൊലിഞ്ഞത്.വിദ്യാർത്ഥികളും യുവാക്കളുമാണ് മരിച്ചവരെല്ലാവരും.
കാലവർഷത്തോടെ ജലാശയങ്ങളടെ സ്വഭാവം മാറിയതും കടൽ പ്രക്ഷുബ്ദമായതും അപകടകാരണമായി എന്നാണ് മിക്ക സംഭവങ്ങളുടെയും അടിസ്ഥാനം. മേയ് 31ന് പരിയാരത്തിനടുത്ത് ഏമ്പേറ്റ് കുളത്തിലാണ് ഇതിൽ ആദ്യത്തെ അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ രണ്ടാം വർഷ നേഴ്സിംഗ് വിദ്യാർത്ഥി തൃശ്ശൂർ സ്വദേശിയായ ഒ.എസ് അഭിമന്യു (21) അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻരക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജൂൺ നാലിന് മരിച്ചു.ജൂൺ രണ്ടിന് അഴീക്കോട് മീൻകുന്ന് ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളുടെ ജീവൻ കടലെടുത്തു. വലിയന്നൂർ സ്വദേശിയായ വെള്ളോറ ഹൗസിൽ പ്രനീഷ് (27) പട്ടാനൂർ സ്വദേശിയായ പി.കെ ഗണേശ് നമ്പ്യാർ എന്നിവർ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ തൊട്ടടുത്ത ദിവസങ്ങളിലായാണ് കരയ്ക്കെത്തിയത്. യുവാക്കളുടെ മരണത്തിൽ നിന്ന് നാട് കരകയറുന്നതിനിടയിലാണ് ഞായറാഴ്ച മൂന്ന് പേർ മുങ്ങി മരിച്ചത്.
പയ്യാവൂരിലെ പതിനാലുകാരിയായ അലീന ഷാജീവൻ സഹോദരനൊപ്പം വീടിന് സമീപത്തെ പുഴയിലെത്തിയപ്പോഴാണ് ദാരുണാന്ത്യമുണ്ടായത്. അപകടത്തിൽ പെട്ട കൂട്ടുകാരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മുഹമ്മദ് ഫൈറൂസ് എന്ന പതിനാലുകാരനും ചുഴിയിൽ പെട്ടു. പഴയങ്ങാടി ചൂട്ടാട് ബീച്ചിന് സമീപത്തുളള പുഴയിലായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് പെരുന്നാൾ ആഘോഷിക്കുന്നതിനിടെയാണ് എം.മുഹമ്മദ് ഷാഹിദ് (19)കൂവേരി പുഴയിൽ വീണ് മരിച്ചത്.
മരണം പതിയിരിക്കുന്ന ജലാശയങ്ങൾ
മഴക്കാലം തുടങ്ങിയതിൽ പിന്നെ ജലാശയങ്ങളിൽ ഒളിയിരിക്കുന്നത് വലിയ അപകടങ്ങളാണ്. പലയിടങ്ങളിലും വിനയാകുന്നത് അശ്രദ്ധയുമാണെന്നാണ് ഫയർഫോഴ്സ് ഉൾപ്പെടെ പറയുന്നത്. പരിചിതമായ ജലാശയങ്ങളിൽ പോലും അപ്രതീക്ഷിതമായി അപകട ചുഴികളും രൂപപ്പെട്ടേക്കാം. പയ്യാവൂരിൽ വിദ്യാർത്ഥിയുടെ മരണം വീടിനോട് ചേർന്ന പുഴയിൽ വീണാണ്. മഴക്കാലമായാൽ മലയോരത്തെ മിക്കപുഴകളിലും കയങ്ങൾ രൂപപ്പെടാറുണ്ടെന്നും പറയുന്നു. നീന്താൻ അറിയുന്നവരാണെങ്കിലും മഴക്കാലത്ത് പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പാറക്കെട്ടുകളിലും മറ്റും വഴുക്കലുകളുമുണ്ടാകാം...
ലൈഫ് ഗാർഡ് ഉൾപ്പെടെയുള്ളവരുടെ നിർദ്ദേശങ്ങളനുസരിച്ച് മാത്രം പ്രവർത്തിക്കുക. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. ജീവൻ വളരെ പ്രധാനപ്പെട്ടതാണെന്നോർക്കണം. ഒന്നും സംഭവിക്കില്ലയെന്ന ധാരണ അപകടങ്ങൾക്കിടയാക്കും - ഫയർ ഫോഴ്സ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |