കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ അവസാനത്തെ ആരാധന പൂജയായ രോഹിണി ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിയും ഇന്ന് നടക്കും. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ ശീവേലിക്ക് മുന്നോടിയായി ആലിംഗന പുഷ്പാഞ്ജലി നടത്തും.
രോഹിണി ആരാധനയുടെ ഭാഗമായി ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ഉണ്ടാകും. ആരാധനാ സദ്യയും പാലമൃത് അഭിഷേകം എന്നീ ചടങ്ങുകൾ രോഹിണി ആരാധനയുടെ ഭാഗമായി കൊട്ടിയൂരിൽ നടക്കും.വാർദ്ധക്യ സഹജമായ കാരണങ്ങളാൽ കഴിഞ്ഞ വർഷം നായ്ക്കൻ സ്ഥാനികൻ എത്താത്തതിനാൽ ആലിംഗന പുഷ്പാഞ്ജലി മുടങ്ങിയിരുന്നു.പുതിയ നായ്ക്കൻ ചുമതലയേറ്റതോടെയാണ് ഇത്തവണ ആലിംഗന പുഷ്പാഞ്ജലി നടക്കുന്നത്. 26നാണ് ഈ വർഷത്തെ തൃക്കൂർ അരിയളവ് നടക്കുന്നത്.
കൊട്ടിയൂരിൽ ഇന്നലെയും രാവിലെ മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് ഭക്തർക്ക് പെരുമാളെ തൊഴുതു മടങ്ങാനായത്.പൊലീസിന്റെ കരുതലോടെയുള്ള ഇടപെടൽ കൊട്ടിയൂരിൽ ഭക്തജനത്തിരക്കുണ്ടായിട്ടും കാര്യമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടില്ല.
ആലിംഗന പുഷ്പാഞ്ജലി അർപ്പിക്കാൻ കുറുമാത്തൂർ നായ്ക്കൻ എത്തി
ഇന്നലെ മണത്തണ ഗോപുരത്തിലെത്തിയ കുറുമാത്തൂർ നായ്ക്കൻ സ്ഥാനികനെ മണത്തണ ആക്കൽ തറവാട്ടിലേക്ക് ആചാരപൂർവം സ്വീകരിച്ചു. ഇന്ന് രാവിലെ കുണ്ടേൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരിക്കും കുറുമാത്തൂർ നായ്ക്കൻ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നത്. കൊട്ടിയൂരിലെത്തുന്ന സ്ഥാനികനെ തേടൻ വാര്യരുടെ നേതൃത്വത്തിൽ സ്വീകരിച്ച് ആനയിക്കും. ആക്കൽ കൈയാലയിൽ വിശ്രമിക്കുന്ന സ്ഥാനിക്കൻ പുഷ്പാഞ്ജലിക്ക് സമയമാകുന്നതോടെ തീർത്ഥക്കുളത്തിൽ കുളിച്ച് മുഖമണ്ഡപത്തിലെത്തുമ്പോൾ ഉഷകാമ്പ്രം സ്ഥാനികൻ കൈ പിടിച്ച് മണിത്തറയിൽ കയറ്റി ഇരുത്തും. പനയൂർ നമ്പൂതിരിയും പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂർ നായ്ക്കന് പരികർമ്മികളായി ഉണ്ടാകും. കുറുമാത്തൂർ മണിത്തറയിൽ പ്രവേശിക്കുന്നതോടെ വാദ്യക്കാർ വാദ്യം മുഴക്കും. സ്വയംഭൂവിഗ്രഹത്തിൽ തുളസിക്കതിരും ജലവും ഉപയോഗിച്ച് പൂജ ചെയ്ത ശേഷമാണ് സ്ഥാനികൻ സ്വയംഭൂവിഗ്രഹത്തെ ഭക്തിപൂർവം ആലിംഗനം ചെയ്യുക.
ഇന്നലെ ഉച്ചശീവേലിക്ക് മുൻപ് ശീവേലി എഴുന്നള്ളത്ത് കാണാനായി ഭക്തർ തിരുവഞ്ചിറയുടെ കരയിൽ കയറി കാത്തു നിൽക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |