ഇരിട്ടി /കണ്ണൂർ: കനത്ത മഴ തുടരുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിലെ ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം രൂപപെട്ടു . കനാലിൽ അപകടകരമായ രീതിയിൽ ആറടി ഉയരത്തിലുള്ള വിള്ളലും അടിത്തട്ടിലേക്ക് വലിയ ഗർത്തവും കണ്ടെത്തിയതോടെ പദ്ധതിയിൽ നിന്നുള്ള വൈദ്യുതോത്പ്പാദനം പൂർണ്ണമായും നിർത്തി. പുഴയിലെ വെള്ളം തടഞ്ഞു നിർത്താതെ ട്രഞ്ച് വിയർ സംവിധാനത്തിലൂടെ ഫോർവേ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന കനാലിന്റെ ഇലവുങ്ങൾ ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറിയാണ് കനാലിന്റെ അടിത്തട്ടിൽ വലിയ വിള്ളൽ കണ്ടത്.
കർണ്ണാടകയുടെ കുടക് മലനിരകളിലുണ്ടായ കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്നിരുന്നു. ഇതിനിടെ വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം പുഴയിലേക്ക് ഒഴുകാത്തതിനെ തുടർന്നാണ് ബുധനാഴ്ച്ച രാത്രിയോടെ ഉത്പ്പാദനം നിർത്തിവച്ചത്. വെള്ളം വെളിയിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വന്നതോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന മൂന്ന് ജനറേറ്ററം തനിയെ ഓഫാകാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ അധികൃതർ അർദ്ധരാത്രിയോടെ കനാലിന്റെ ഷട്ടറുകൾ അടച്ചു. കനാലിലും ഫോർവേഡ് ടാങ്കിലും ഉൾപ്പെടെ അടിഞ്ഞ ഇലയും മറ്റ് അവശിഷ്ടങ്ങളും നീക്കി ഇന്നലെ രാവിലെ ഉത്പ്പാദനം പൂർണ്ണതോതിൽ ആരംഭിക്കാൻ തുടങ്ങുന്നതിനിടയിലാണ് കനാലിലെ വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു .ജൂൺ മാസത്തിലാണ് ബാരാപോളിൽ ഉത്പാദനം പൂർണമായി നടന്നുവരുന്നത്. ഇതെ സമയത്തുണ്ടായ വിള്ളൽ ഉത്പാദനത്തെ സാരമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ.
ഗർത്തം നേരത്തെ ചോർച്ച കണ്ടെത്തിയ ഭാഗത്ത്
കനാലിൽ ചോർച്ച അനുഭവപ്പെടുന്ന 1.600 കിലോമീറ്റർ ദൂരത്തിൽ നേരത്തെ ചോർച്ചയുണ്ടായിരുന്ന ഭാഗത്താണ് ഇപ്പോൾ ഗർത്തം ഉണ്ടായിരിക്കുന്നത്. കനാലിന്റെ ചോർച്ചയെ തുടർന്ന് ഇതിന് സമീപത്തെ ബിനോയ് കുറ്റിയാനിയുടെ കുടുംബത്തെ രണ്ടുവർഷമായി മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. സമാന സാഹചര്യത്തിൽ കനാൽ കരയോട് ചേർന്ന് താമസിക്കുന്ന പല്ലാട്ട് റിന്നിയുടെ കുടുംബത്തെ കഴിഞ്ഞമാസമാണ് മാറ്റിയത്. ഇവർക്ക് പുറമേ ഇപ്പോൾ ചോർച്ച കണ്ടെത്തിയതിന് താഴെ വശത്തുള്ള മുണ്ടണിശേരിൽ ടോമി, ബെന്നി കുറ്റിയാനി, ജിന്റോ കൊച്ചുവീട്ടിൽ, ഷാജി പുളിക്കാട്ട്, ഗ്രേസി നരിമറ്റം, സണ്ണി കുറ്റിയാനിക്കൽ, ജോസുകുട്ടി പല്ലാട്ട് എന്നിവരുടെ വീടുകളും ഇപ്പോൾ ഭീഷണിയിലാണ്. ഇതിന് പുറമെ കനാലിന്റെ അടിഭാഗത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങളും അപകടഭീഷണിയിലാണിപ്പോൾ.
മഴ ശക്തിയായി തുടരുന്ന സഹചര്യത്തിൽ അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട് - ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ
നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ
കഴിഞ്ഞ ദിവസം പാലത്തുംകടവിൽ കനാലിന്റെ താഴ് വശത്തുനിന്ന് അപകട ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ച നാല് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചായത്ത് അംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ എത്തിയ നാട്ടുകാർ തഹസിൽദാരെയും കെ.എസ്.ഇ.ബി അധികൃതരെയും അറിയിച്ചു.ചോർച്ച പരിഹരിക്കാതെ ഉത്പാദനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കി.
പ്രശ്നങ്ങൾ ബോർഡ് അധികൃതരെ അറിയിച്ച് പരിഹാരം ഉണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി സിവിൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അജിത്ത്, അസിസ്റ്റന്റ് എൻജിനീയർ മനോജ് എന്നിവർ അറിയിച്ചു.
പഴശ്ശി പദ്ധതി പ്രദേശം ആശങ്കയിൽ
കർണാടക ബ്രഹ്മഗിരി വനമേഖലയിൽ നിന്ന് ഉദ്ഭവിക്കുന്ന ബാരാപോൾ പുഴയിൽ നീരൊഴുക്ക് കൂടിയത് പഴശ്ശി പദ്ധതി പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഡാമിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മലയോരത്തെ പല പുഴകളിലും ജലനിരപ്പ് ഉയർന്നത്. ഇത് നിയന്ത്രിക്കാൻ ഡാമിന്റെ പതിനാറ് ഷട്ടറുകളിൽ പതിമൂന്നെണ്ണം തുറന്നു. നേരത്തെ മഴ തുടങ്ങിയപ്പോൾ തന്നെ ഷട്ടറിന്റെ ചെറിയ ഭാഗം തുറന്നിരുന്നു. ഷട്ടറുകൾ തുറന്നിട്ടും പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല.ഒഴുകി പോകുന്നതിലും കൂടുതൽ വെള്ളം ഡാമിലേക്ക് എത്തുന്നതാണ് ഇതിന് കാരണം.തുടർന്ന് കൊട്ടാരം പെരിയത്ത് റോഡിൽഗതാഗതം തടസ്സപ്പെട്ടിരുന്നു. കന്നുകാലികൾ ഒഴുക്കിൽ പെട്ടതായും പറയുന്നു. കർണ്ണാടക വന മേഖലയിൽ ഉരുൾപൊട്ടിയതാണ് ജലനിരപ്പ് ഉയർന്നതിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം
മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നുവെന്ന്
ബുധനാഴ്ച പഴശ്ശി ഡാമിന്റെ ഷട്ടർ മുന്നറിയിപ്പില്ലാതെ തുറന്നത് പ്രദേശത്ത് വെള്ളം കയറുന്നതിനും നാശനഷ്ടങ്ങൾക്കുമിടയാക്കിയെന്ന് നാട്ടുകാർ ആരോപിച്ചു. നിരവധി വീടുകളിൽ വെള്ളം കയറിയെന്നാരോപിച്ച് പഴശ്ശി ഇറിഗേഷൻ കാര്യാലയത്തിലെത്തി ഇവർ പ്രതിഷേധിച്ചു. ഇതെ തുടർന്ന് മഴ കുറയുന്നത് വരെ ഷട്ടറുകൾ ഉയർത്തി വെക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |