കണ്ണൂർ: പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ പേടിച്ചുകഴിയുകയാണ് കയരളം. ഒറ്റ ദിവസം തന്നെ 25 പാമ്പുകളെ പിടികൂടിയ റെക്കോർഡ് കൂടി ഈ നാടിന് മേൽ വന്നുചേർന്നിട്ടുണ്ട്.പിടിയിലായവയിൽ ഭൂരിഭാഗവും പെരുമ്പാമ്പാണ്. ഏറ്റവുമൊടുവിൽ മൂന്നുദിവസങ്ങളിലായി നാൽപത് പാമ്പുകളെയാണ് ഇവിടെ നിന്നും പിടികൂടിയത്.
പുറത്ത് മാത്രമല്ല, വീടുകളുടെ അകത്തും പാമ്പുകൾ കടന്നുകൂടുന്നുവെന്നതാണ് ഇവരെ പേടിപ്പെടുത്തുന്നത്. പിടികൂടിയ പാമ്പുകളെയെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി തനത് ആവാസവ്യവസ്ഥയിൽ വിട്ടയക്കുകയാണ്. ഒരു പാമ്പിനെ പിടികൂടി മടങ്ങുന്നതിനിടയിൽ അടുത്തതിനെ കാണുന്നത് പാമ്പുപിടിത്തത്തിന് എത്തുന്നവരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും പാമ്പിനെ പേടിച്ച് താമസം തന്നെ മാറാൻ ഒരുങ്ങുകയാണ്.ചിലർ ഇതിനകം താമസം മാറിയിട്ടുമുണ്ട്.
മഴ ശക്തമായതിന് പിന്നാലെയാണ് കയരളത്ത് പാമ്പുകൾ കയറിക്കൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്.പോയ വർഷവും പ്രദേശത്ത് നിരവധി പാമ്പുകളെ പിടികൂടിയിരുന്നു. രാത്രി കാലത്താണ് ഇവയെ കൂടുതലും കാണുന്നതെന്നതും ഇവരെ പേടിപ്പെടുത്തുന്നുണ്ട്. വലിയ ടോർച്ചെടുത്ത് രാത്രി പറമ്പുകൾ തോറും തിരഞ്ഞുനടന്ന് പേടി ഒഴിവാക്കുകയാണ് ഇവിടുത്തുകാരിപ്പോൾ.
ശംഖുവരയനിൽ നിന്ന് രക്ഷപ്പെട്ട് വാർഡ് മെമ്പർ
നാട്ടുകാർ വിഷയം പഞ്ചായത്തിലും വനംവകുപ്പിലും അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ വാർഡ് മെമ്പറടക്കമുള്ളവർ ശംഖുവരയനിൽ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. ഇതോടെ പ്രദേശവാസികളുടെ പേടി ഇരട്ടിച്ചു. കുട്ടികളെ പുറത്തിറക്കാനും സ്കൂളിലേക്കയക്കാനും ഭയക്കുകയാണ് രക്ഷിതാക്കൾ. ചില കുടുംബങ്ങളിലെ കുട്ടികളെ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. വീടുകളിലെ വാതിലുകളും ജനലുകളും സദാസമയവും അടച്ചിടേണ്ട നിലയിലാണ് ഇവിടുത്തുകാർ. വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരാതി നൽകിയാൽ പ്രദേശം സന്ദർശിക്കുന്നതൊഴിച്ചാൽ ഭയം ഒഴിവാക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.കയരളത്തെ പ്രായമായവരുൾപ്പെടെയുള്ളവർ വീട്ടുതടങ്കിലാണിപ്പോൾ.
പെരുമ്പാമ്പിനെയാണ് കൂടുതലായി കാണുന്നത്. പേടിക്കേണ്ട സാഹചര്യം നിലവിലില്ല. വനം വകുപ്പിന്റെ നേതൃത്വത്തിൽ വായനശാല കേന്ദ്രീകരിച്ച് ബോധവത്കരണ ക്ളാസുകൾ നടത്താൻ തീരുമാനമായിട്ടുണ്ട്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സ്ഥലം സന്ദർശിച്ചു. -റിയാസ് മാങ്ങാട് (പാമ്പുപിടിത്ത വിദഗ്ധൻ, മാർക്ക് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |