കണ്ണൂർ: 1244 ദിവസമായി ഒരിക്കലും വാതിലുകൾ പൂട്ടാതെ ഒരു ലൈബ്രറി. ലൈബ്രേറിയനില്ലാത്ത ഈ അസാധാരണ ലൈബ്രറി മനുഷ്യമനസ്സിലെ സത്യസന്ധതയിലും വിശ്വാസത്തിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്നു. അക്ഷരപ്രേമികൾക്കായി ഏതുസമയത്തും ഇവിടെ പുസ്തകങ്ങൾ കാത്തിരിക്കുന്നു.
സംസ്‌കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിലെ മലയാളം അദ്ധ്യാപകനായിരുന്ന ഡോ. കുമാരൻ വയലേരിയുടെ മനസ്സിലുദിച്ച മലയാളം ഓപ്പൺ ലൈബ്രറിയെന്ന വിപ്ലവകരമായ ആശയമാണ് ചിറ്റാരിപ്പറമ്പിലെ ഈ അദ്ഭുത ഗ്രന്ഥാലയം. 2022 ജനുവരി 2 നാണ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വായനക്കാർക്ക് സമയ നിബന്ധനയില്ലാതെ പുസ്തകങ്ങളിലേക്ക് പ്രവേശനം നൽകുക എന്നതായിരുന്നു ലക്ഷ്യം.
വിലപ്പെട്ട ഗവേഷണ ഗ്രന്ഥങ്ങളും റഫറൻസ് പുസ്തകങ്ങളും അടങ്ങുന്ന 2500ലധികം പുസ്തകങ്ങളുള്ള ഒരു പൂർണ ലൈബ്രറിയാണിത്. പിജി റിസർച്ച് വിദ്യാർത്ഥികൾക്കാവശ്യമായ റഫറൻസുകളും ഫോക്‌ലോർ, ട്രൈബൽ സംസ്‌കാരവുമായി ബന്ധപ്പെട്ട അമൂല്യ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. പുസ്തക ദാനം നൽകിയവരെല്ലാം ലൈബ്രറിയുടെ അംഗങ്ങളാണ്. പുസ്തക ചലഞ്ചുകളിലൂടെയും വാർഷിക പുസ്തകപയറ്റുകളിലൂടെയും പുസ്തക ശേഖരം വർദ്ധിപ്പിക്കുന്നു. ലൈബ്രറിയുടെ നേതൃത്വത്തിൽ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
'വായനയിലൂടെയുള്ള അറിവുമാത്രമല്ല, യാത്രയിലൂടെയും കൂട്ടായ്മയിലൂടെയും വിജ്ഞാനം സ്വായത്തമാക്കാം' എന്ന മഹത്തായ സന്ദേശം കൂടി ലൈബ്രറിയുടെ സംഘാടകർ നൽകുന്നു. ഒരു ലൈബ്രറിക്ക് ഇടപെടാവുന്ന മേഖല എത്ര വിശാലമാണെന്ന് ഇവർ കാണിച്ചുതരുന്നു. ഡോ. കുമാരൻ വയലേരിയും കെ.വി. ധർമ്മരാജനും ലൈബ്രറിയുടെ രക്ഷാധികാരികളായി സജീവ സാന്നിദ്ധ്യം വഹിക്കുന്നു. ജയരാജൻ മടപ്പത്തൂർ പ്രസിഡന്റായുള്ള കമ്മിറ്റി ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.
പ്രവർത്തനരീതി
ഇവിടത്തെ പ്രവർത്തനരീതി അത്യന്തം ലളിതമാണ്. വായനക്കാർ കടന്നുവരുന്നു, ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുക്കുന്നു, മേശപ്പുറത്തെ രജിസ്റ്ററിൽ പുസ്തകത്തിന്റെ വിവരങ്ങളും സ്വന്തം പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്നു. പിന്നെ പുസ്തകവുമായി പോകുന്നു. രണ്ടാഴ്ച വരെ കൈവശം വയ്ക്കാം. പണമൊന്നും നൽകേണ്ടതില്ല. അത്ഭുതകരമെന്നു പറയട്ടെ, ഇന്നുവരെ പുസ്തകമെടുത്ത ആരും തിരിച്ചേൽപ്പിക്കാതിരുന്നിട്ടില്ല. ഈ നാടിന്റെ മനസ്സാക്ഷി ഈ വ്യവസ്ഥയെ പൂർണമായും അംഗീകരിച്ചിരിക്കുന്നു.
ചരിത്രം പറയും ചുവരുകൾ
ലൈബ്രറിയുടെ ചുവരുകൾ ഒരു ചരിത്രപാഠമാണ്. മഹാത്മാ ഗാന്ധി മുതൽ അംബേദ്കർ വരെ, ശ്രീനാരായണ ഗുരു മുതൽ അയ്യങ്കാളി വരെ, തകഴി മുതൽ ഉറൂബ് വരെ, പട്ടംതാണുപ്പിള്ള മുതൽ ഇ.എം.എസ് വരെ നമ്മുടെ ദേശത്തിന്റെ മഹത്തായ മുഖങ്ങൾ ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നു.
വായനയ്ക്കപ്പുറം
വായനയെ പ്രോത്സാഹിപ്പിക്കൽ മാത്രമല്ല ലൈബ്രറിയുടെ ലക്ഷ്യം. വനിതാ ഫോറവും സ്റ്റുഡന്റ്സ് വിംഗും പോഷക സമിതികളായി പ്രവർത്തിക്കുന്നു. കണ്ണൂർ എസ്.എൻ. കോളജ്, സംസ്‌കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം, കൂത്തുപറമ്പ് നിർമ്മലഗിരി കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സെമിനാറുകളും ക്ലാസുകളും നടത്തുന്നു.
വയോജനയാത്ര, മഴയാത്ര, കുടുംബ സംഗമം, വയലാർ അനുസ്മരണം, ജയൻ ചലച്ചിത്ര പ്രദർശനം, സൗജന്യ പ്രസംഗ പരിശീലനം തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾ ഓപ്പൺ ലൈബ്രറിയുടെ പ്രവർത്തനത്തെ കൂടുതൽ സമ്പുഷ്ടമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |