കണ്ണൂർ:വിവിധ ചികിത്സാപദ്ധതിയിൽ ചെലവിട്ട വകയിൽ സർക്കാരിൽ നിന്നും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് ലഭിക്കാനുള്ളത് 110 കോടി. കുടിശികയുള്ളതിനാൽ മരുന്നു കമ്പനിക്കാർക്കു സമയബന്ധിതമായി പണം നൽകാൻ കഴിയാത്തത് ഉൾപ്പെടെയുള്ള പ്രതിസന്ധിയിൽ വീർപ്പുമുട്ടുകയാണ് മെഡിക്കൽ കോളേജ്.മതിയായ തരത്തിൽ ഡോക്ടർമാരുടെ സേവനം ലഭിക്കാതെയും ഉപകരണങ്ങൾ തകരാറിലായും വലിയ പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്.
നിലവിൽ വിവിധ ടെസ്റ്റുകൾക്ക് വലിയ പണം മുടക്കേണ്ട സ്ഥിതിയാണ് പരിയാരത്തുള്ളത്. എം.ആർ.ഐ സ്കാനിംഗ് മെഷീൻ അടക്കമുള്ള ടെസ്റ്റ് സംവിധാനങ്ങൾ സ്വകാര്യ കമ്പനികളാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിനാൽ പരിശോധനയ്ക്കായി വൻതുക മുടക്കേണ്ട സ്ഥിതിയാണ്. സി.ടി സ്കാനിംഗ് മെഷീൻ ഇടയ്ക്കിടെ തകരാറിലാണ്.പുതിയ മെഷീൻ ഇതുവരെ ലഭ്യമാക്കിയിട്ടുമില്ല.കാൻസർ ചികിത്സയിൽ നിർണായകമായ കൊബാൾട്ട് തെറാപ്പി യന്ത്രം നാല് വർഷമായി പ്രവർത്തനരഹിതമാണ് . പതിനെട്ടു കോടി ചെലവിലുള്ള പുതിയ മെഷീൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല.
എട്ട് ശസ്ത്രക്രിയകൾ ഒരേസമയം നടത്താവുന്ന ഓപ്പറേഷൻ തീയേറ്ററിന്റെ പല ഭാഗങ്ങളും നവീകരണത്തിന്റെ ഭാഗമായി ആറ് മാസമായി അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ നിലവിൽ ഒരെ സമയം രണ്ട് ശസ്ത്രക്രിയകൾ മാത്രമേ നടത്താൻ സാധിക്കുന്നുള്ളു.നവീകരണ പ്രവൃത്തി ഇഴയുന്നതിനാൽ പലപ്പോഴും ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുകയാണിപ്പോൾ. പ്രതിദിനം നൂറു ഡയാലിസിസുകൾ നടന്നിടത്ത് ഇപ്പോൾ ഏറെ പരിമിതപ്പെട്ടിരിക്കുകയാണ്.
പരിയാരത്തേക്ക് ഫണ്ടില്ല
ആശുപത്രി വികസനസമിതി സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ടിന് ഒരു ലക്ഷം രൂപവരെ ചെലവഴിക്കാൻ സാധിക്കും. വികസന സമിതി ചെയർമാനായ കളക്ടറുടെ അനുമതിയിൽ 15 ലക്ഷവും വികസനസമിതി കമ്മിറ്റിയുടെ അംഗീകാരത്തിൽ 50 ലക്ഷം രൂപ വരെയും ആശുപത്രി വികസനത്തിനും ആവശ്യത്തിനും ചെലവഴിക്കാം. എന്നാൽ 50 ലക്ഷത്തിനു മുകളിൽ ചെലവഴിക്കാൻ ഡി.എം.ഇയുടെ അംഗീകാരം വാങ്ങണം.ഇത്തരം അനുമതികളിൽ കുരുങ്ങി മിക്കപ്പോഴും ആവശ്യത്തിന് ഫണ്ട് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് എത്തുന്നില്ലെന്നാണ് പരാതി.
മൂന്ന് ഫാർമസികൾ, മരുന്നിന് പുറത്തേക്ക് പോകണം
ആശുപത്രിയിൽ മൂന്ന് ഫാർമസിയുണ്ടെങ്കിലും സൗജന്യ മരുന്നുകൾ പലതും ലഭ്യമല്ല. വൻവില കൊടുത്ത് രോഗികൾ മരുന്ന് പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയാണ്.ഇരുപതു ലക്ഷം ചെലവിട്ടു നവീകരിച്ച കെട്ടിടമുണ്ടായിട്ടും മരുന്നുകൾ ആശുപത്രി വരാന്തയിൽ കെട്ടിക്കിടക്കുകയാണ്. മരുന്നുപെട്ടികൾ അലക്ഷ്യമായി വരാന്തകളിൽ കൂട്ടിയിട്ട നിലയിലും. പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട ചില മരുന്നുകളടക്കമാണ് വരാന്തയിലെ സെറാമിക് തറയിൽ കൂട്ടിയിട്ടിരിക്കുന്നത്. ആശുപത്രി ഫാർമസിയിൽ എ.സി സംവിധാനമില്ലാത്തതും മരുന്നുകളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. വിശ്രമകേന്ദ്രം നിർമ്മിക്കാത്തതിനാൽ ആശുപത്രി വരാന്തയിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ രാത്രികാലത്തടക്കം കഴിച്ചുകൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |