കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് തൃക്കലശാട്ടം നടക്കും. പുലർച്ചെ കലശമണ്ഡപത്തിൽ കലശാട്ടത്തിന് ഒരുക്കങ്ങൾ ആരംഭിക്കും.രാവിലെ മണിത്തറയിലെ തിരിനാളങ്ങൾ തേങ്ങാമുറികളിലേക്ക് പകർന്ന ശേഷം വിളക്കിറക്കും. ഞെട്ടിപ്പനയോലയും മുളകളും കൊണ്ട് മണിത്തറയിൽ നിർമിച്ച ശ്രീകോവിൽ പിഴുതുമാറ്റി തിരുവഞ്ചിറയിൽ നിക്ഷേപിക്കും. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങും.
പൂജിച്ചു വെച്ച കളഭ കുംഭങ്ങൾ കലശ മണ്ഡപത്തിൽ നിന്ന് പാരമ്പര്യ വാദ്യത്തിന്റെ അകമ്പടിയോടെ അടിയന്തരക്കാരായ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിക്കും. തുടർന്നാണ് തൃക്കലശാട്ടം.ആദ്യം വെള്ളിക്കുടത്തിലെ കളഭം അഭിഷേകം ചെയ്യും.തുടർന്ന് പൊന്നിൻ കുടത്തിലെ കളഭമാടും.പരികലശം ആടുന്നതോടെ തൃക്കലശാട്ടം പൂർത്തിയാകുന്നതോടെ ബ്രാഹ്മണർ പൂർണ പുഷ്പാഞ്ജലി അർപ്പിക്കും.പ്രസാദം നൽകിക്കഴിഞ്ഞാൽ തറ ശുചിയാക്കും. കുടിപതികൾ തിടപ്പള്ളിയിൽ കയറി കടുംപായസം ചേർത്തുള്ള തണ്ടിന്മേൽ ഊണ് ചടങ്ങ് നടത്തും. വീണ്ടും മണിത്തറ ശുചീകരിച്ച ശേഷം മുതിരേരി വാൾ തിരിച്ചെഴുന്നള്ളിക്കും. അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം ചെയ്തു കഴിഞ്ഞാൽ ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും.പ്രധാന തന്ത്രിയും ഓച്ചറും പന്തക്കിടാവും മാത്രമാകുമ്പോൾ പ്രധാന തന്ത്രി യാത്രാബലി ആരംഭിക്കും.നിശ്ചിത സ്ഥാനങ്ങളിൽ ഹവിസ് തൂകി പാമ്പറപ്പാൻ തോട്ടിൽ എത്തുമ്പോൾ കായട്ട പന്തക്കിടാവിനെ ഏല്പിച്ച് കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരിന് പുറത്തേക്ക് നടന്നുപോകുന്നതോടെ താന്ത്രിക കർമ്മങ്ങൾ പൂർത്തിയാകും.
നാളെ വറ്റടി നാൾ സ്ഥാനികരായ ബ്രാഹ്മണർ അക്കരെ പ്രവേശിച്ച് സ്വയംഭൂ വിഗ്രഹത്തെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്യും. ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് സന്നിധാനത്തിൽ നിന്ന് അവർ മടങ്ങും. ഇതിന് ശേഷം ക്ഷേത്ര കവാടം അടയ്ക്കും. ഇനി അടുത്ത വർഷം ഇടവ മാസത്തിൽ ചോതി വിളക്ക് തെളിയും വരെ അക്കരെ സന്നിധിയിലേക്ക് ആർക്കും പ്രവേശനമില്ല.
ഇന്നലെ അത്തം നാളിലെ ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യം നടത്തി.അത്തം നാളിൽ പന്തീരടിക്ക് അവസാനത്തെ ശീവേലിയും നടന്നു. ചപ്പാരം ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിയ വാളുകൾ ഏഴില്ലക്കാരായ വാളശ്ശന്മാർ സ്ഥാനികർ ശീവേലി സമയത്ത് എഴുന്നള്ളിച്ചെത്തി ദേവീദേവന്മാരുടെ തിടമ്പുകൾക്കു മുന്നിൽ ഉഴിയുന്ന വാളാട്ടം നടത്തി.തുടർന്ന് കുടിപതികളുടെ നേതൃത്വത്തിൽ തേങ്ങയേറ് നടന്നു.കൂത്ത് സമർപ്പണവും ഇന്നലെ നടന്നു. രാത്രി കലശ മണ്ഡപത്തിൽ കലാശാട്ടത്തിനുള്ള പ്രത്യേക ചടങ്ങുകൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |