കണ്ണൂർ: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അതത് തദ്ദേശസ്ഥാപനങ്ങൾ തന്നെ മുൻകൈയെടുക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തോട് മുഖംതിരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ. അക്രമകാരികളായ തെരുവുനായകളെ പിടികൂടി പാർപ്പിക്കാൻ ഓരോ പഞ്ചായത്തുകളും താത്ക്കാലിക ഷെൽട്ടർ ഒരുക്കണമെന്നും എ.ബി.സി പദ്ധതിയുമായി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിന് പോലും പലയിടത്തും തെരുവുനായകൾ ഭീഷണി സൃഷ്ടിക്കുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയവരോട് നായയെ നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോയെന്നതായിരുന്നത്രെ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള മറുപടി.
തെരുവുനായ വിഷയത്തിൽ ഇതേ സമീപനം തന്നെയാണ് മിക്ക ഗ്രാമപഞ്ചായത്തുകളും സ്വീകരിക്കുന്നത്.വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികളിൽ നിന്നും ഗ്രാമപഞ്ചായത്തുകൾ പാടെ മാറിനിൽക്കുകയാണ്.
കണ്ണൂരിലുമായില്ല ഷെൽട്ടർ ഹോം
പേവിഷബാധയേറ്റ് അഞ്ചുവയസുകാരൻ മരിക്കുകയും മൂന്നുദിവസത്തിനുള്ളിൽ എൺപതോളം പേർക്ക് കടിയേൽക്കുകയും ചെയ്ത ഗുരുതരസാസാഹചര്യത്തിലും കണ്ണൂരിൽ തെരുവുനായ നിയന്ത്രണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വ്യാപകമായി തെരുവുനായ ആളുകളെ കടിച്ചതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തിൽ രണ്ടുദിവസത്തിനുള്ളിൽ മൂന്ന് താത്ക്കാലിക ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റണമെന്നാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചത്. മൂന്നുദിവസത്തിനുള്ളിൽ എടുക്കുമെന്ന നടപടി പതിനഞ്ചുദിവസമായിട്ടും നടപ്പിലായിട്ടില്ല.ഷെൽട്ടർ ഹോം കണ്ടെത്തുന്നതിൽ പോലും കോർപറേഷൻ അടക്കമുള്ള സംവിധാനങ്ങൾക്ക് ഇനിയും സാധിച്ചിട്ടില്ല. പേയിളകിയ നായ നിരവധി നായകളെ കടിച്ചതിനാൽ വലിയ ദുരന്തത്തിന് തന്നെ ഇടയാക്കുമെന്ന തരത്തിലാണ് കണ്ണൂരിലെ കാര്യങ്ങൾ. നിലവിൽ കോർപ്പറേഷൻ ചാലാട് മാളികപ്പറമ്പിൽ ഒരു സ്ഥലമാണ് കണ്ടെത്തിയത്. ഇവിടെ താൽക്കാലിക ഷെൽട്ടറിന്റെ പണി പുരോഗമിക്കുകയാണ്. ഇവിടെ 20 നായകളെയാണ് ഇവിടെ ഉൾക്കൊള്ളാൻ സാധിക്കുകയെന്ന് മേയർ പറഞ്ഞു. തെരുവുനായ ശല്യം രൂക്ഷമായ കന്റോൺമെന്റിൽ ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടുമില്ല.
കടിയേറ്റാൽ മാത്രം എ.ബി.സി
ആർക്കെങ്കിലും കടിയേറ്റാൽ മാത്രമാണ് നിലവിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പടിയൂരിലെ എ.ബി.സി സെന്റർ അധികൃതർ പറഞ്ഞു. തെരുവുനായകൾ കൂട്ടത്തോടെ വിഹരിക്കുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.തെരുവുനായകളെ പാർപ്പിക്കാനുള്ള താത്ക്കാലിക ഷെൽട്ടർ കണ്ടുപിടിക്കാനുള്ള ശ്രമം പോലും ജനപ്രതിനിധികൾ അടക്കമുള്ളവർ നടത്തുന്നില്ലെന്നാണ് പരാതി.തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്ന പ്രതിരോധ കുത്തിവയ്പ്പ് യജ്ഞവും പാടെ പരാജയപ്പെട്ടിരിക്കുകയാണ്.
കമ്മിറ്റി രൂപീകരിച്ചെങ്കിലും കാര്യക്ഷമമല്ല
തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നുവർഷം മുമ്പ് എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. വാക്സിനേഷൻ പുരോഗതി, എ.ബി.സി കേന്ദ്രം സജ്ജമാക്കൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ദിവസവും റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശവും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |