കണ്ണൂർ:.കണിച്ചാർ, കൊട്ടിയൂർ,ആറളം, കോളയാട്, കേളകം തുടങ്ങിയ മലയോര ഗ്രാമപഞ്ചായത്തുകളിൽ വാനരപ്പടയുടെ ആക്രമത്തിൽ ഗതികെട്ടി കേരകർഷകർ. തേങ്ങയ്ക്ക് ക്ഷാമം നേരിടുന്ന സമയത്താണ് കുരങ്ങുകൾ ഇവർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. കരിക്കു തന്നെ പറിച്ചെടുത്ത് നശിപ്പിക്കുന്ന ഇവ തേങ്ങയ്ക്ക് ലഭിക്കുന്ന സർവകാലറെക്കോർഡ് വിലയുടെ പ്രയോജനം കർഷകർക്ക് കിട്ടാതാക്കുകയാണ്.
കൂട്ടത്തോടെ എത്തിയാണ് കുരങ്ങുകൾ കരിക്കും ഇളനീരും പറിച്ചെടുത്ത് ആഹാരമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്.
ഈ വർഷത്തെ അനുഭവം മാത്രമല്ല, കഴിഞ്ഞ നാല്, അഞ്ച് വർഷങ്ങളായി മലയോരപ്രദേശം വാനരപ്പടയുടെ കൊടിയ ശല്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവയുടെ ആക്രമണത്തിൽ നിന്ന് വല്ലപ്പോഴും ഒഴിഞ്ഞുകിട്ടുന്ന താഴെ വീണാൽ കാട്ടുപന്നികളും
കൊണ്ടുപോകും.തെങ്ങൊന്നിന് 40 രൂപ നൽകി തേങ്ങയിടീക്കാൻ സാധിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
മടപ്പുരച്ചാൽ , പെരുമ്പുന്ന, ഓടംതോട് എന്നിവിടങ്ങളിലെയെല്ലാം കർഷകരുടെ സ്ഥിതി ഇതുതന്നെയാണ്.
തേങ്ങയ്ക്ക് വീണ്ടും വില വർദ്ധനവ്
പൊതുവെ തേങ്ങയ്ക്ക് വില ഉയരുന്ന സാഹചര്യത്തിലാണ് കുരങ്ങു കൂട്ടങ്ങളുടെ ശല്യം കാരണം കർഷകർക്ക് അത് വിപണിയിലെത്തിക്കാൻ കഴിയാതെ വരുന്നത്. മൊത്തവ്യാപാരവില 75 രൂപയും ചില്ലറ വില 82 രൂപയുമായി. തേങ്ങ വില കൂടിയതോടെ വെളിച്ചെണ്ണയ്ക്കും വില വർദ്ധിച്ചിരിക്കുകയാണ്.ബ്രാൻഡഡ് വെളിച്ചെണ്ണ 450 രൂപയാണു വില. നിലവിലെ സാഹചര്യത്തിൽ ഓണമാകുമ്പോഴേക്കും നാളികേരം വില 100 രൂപയിലെത്താനും സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണവില അടുത്ത മാസത്തോടെ 500 രൂപയിലെത്താനുമിടയുണ്ട്.
മറ്റ് കൃഷികളും ഭീഷണിയിൽ
വാഴ, മരച്ചീനി, എന്നിവയും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. വാഴക്കന്നുകൾ കീറി ഉൾവശത്തെ മൃദുവായ ഭാഗമാണ് ഇവ തിന്നുന്നത്. മൂപ്പെത്താത്ത വാഴക്കുലകളും നശിപ്പിക്കുന്നു. തോട്ടത്തിൽ തമ്പടിച്ച് കൃഷി മുഴുവൻ നശിപ്പിച്ച് കഴിയുമ്പോൾ അടുത്ത തോട്ടത്തിലേക്ക് നീങ്ങുന്നതാണ് ഇവയുടെ രീതി.ഓടിക്കാൻ ശ്രമിച്ചാൽ അക്രമാസക്തരായി കൂട്ടത്തോടെ പിന്തുടർന്ന് ആക്രമിക്കാനും ഇവ മടിക്കുന്നില്ല. വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടാൻ കഴിയാത്ത സ്ഥിതിയാണ് ഈ പ്രദേശത്തെല്ലാം.വീടിനുള്ളിൽ കയറി ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും തിന്നുകയും വസ്ത്രമുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതും പതിവാണ്. കൊക്കോയുടെ പച്ചക്കായകളും ഇവ തിന്നുതീർക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |