കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തി ഇരുപതംഗസംഘം
മയ്യിൽ: കണ്ണാടിപ്പറമ്പ് മാതോടം പുതിയപറമ്പ് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളായ ഇരുപത് സ്ത്രീകൾ സ്വപ്ന യാത്ര നടത്തിയതിന്റെ ത്രില്ലിലാണിപ്പോൾ. തങ്ങൾക്ക് ഒരിക്കലും വിധിച്ചിട്ടില്ലെന്ന് കരുതിയ ആകാശയാത്ര അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷം അവരുടെ വാക്കിലും നോക്കിലുമുണ്ട്. മണ്ണിനെ പൊന്നാക്കാൻ അദ്ധ്വാനിക്കുന്നവർ വീണുകിട്ടിയ ഇടവേളയിലാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തിയത്.
നാറാത്ത് പഞ്ചായത്ത് ഒൻപതാം വാർഡിലെ തൊഴിലുറപ്പ് മേറ്റ് പ്രസന്നയുടെ നേതൃത്വത്തിലാണ് കണ്ണൂർ ഇൻറർനാഷണൽ എയർപോട്ടിൻ നിന്നും ഏയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ രാവിലെ 6 മണിക്ക് തിരുവനന്തപുരത്തേക്ക് ഇവർ കയറിയത്. ടി.പ്രസന്ന, പി.പി.ശാരദ ,പത്മിനി,പി.കെ.സുലോചന,എം.പി.ചന്ദ്രിക ,കെ.സി.തങ്കമണി,കെ.പി.ഓമന, ടി.ചന്ദ്രി,കെ.വി.മിനി,പി.സുലോചന,പി.പി.ഓമന, സൗമിനി ,കെ.രാധ, ആദിജയ് ,രാജമ്മ,കെ.അനിത,സുമ,ശാരദ നന്ദിനി, സി.എം.ചന്ദ്രി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ടൂർ കോർഡിനേറ്റർ ഷിജിത്ത്. രാജീവൻ ,റിനേഷ്, റിജു എന്നിവരും ഇവർക്കൊപ്പം യാത്ര ചെയ്തു.
രാവിലെ 6.50ന് തിരുവനന്തപുരത്ത് ഇറങ്ങിയ സംഘം നഗരത്തിന് പുറമെ കോവളം, ആഴിമല, ചെങ്കൽ ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, പത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടമെല്ലാം കണ്ട് ഒറ്റ ദിവസം കൊണ്ട് നാട്ടിൽ തിരിച്ചെത്തി. പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ചതിനേക്കാളും മനസ്സിൽ തങ്ങി നിൽക്കുന്നത് ആദ്യ ആകാശ യാത്ര തന്നെയെന്ന് സംഘാംഗങ്ങൾ പറയുന്നു. നേരത്തെ നാറാത്ത് ഗ്രാമ പഞ്ചായത്തിലെ എഴ്, എട്ടാം വാർഡുകളിലെ തൊഴിലുറപ്പുറപ്പ് തൊഴിലാളികളും ഇതുപോലെ വിമാനയാത്ര നടത്തിയിരുന്നു.
പത്രപരസ്യം കണ്ടു ;യാത്ര ഉറപ്പിച്ചു
ഈ തൊഴിലുറപ്പ് ടീമിന്റെ മേറ്റ് ആയ പ്രസന്നയാണ് പത്രത്തിലുണ്ടായിരുന്ന ആകാശ യാത്രയുടെ പരസ്യം സംഘത്തെ അറിയിച്ചത്.താൻ കൊച്ചിയിലേക്ക് അങ്ങനെ നടത്തിയ യാത്രയെക്കുറിച്ച് പറഞ്ഞപ്പോൾ തൊഴിലുറപ്പ് അംഗങ്ങൾക്കും താൽപര്യമായി. അത് സാധിച്ചുകൊടുക്കാൻ നിശ്ചയ ദാർഢ്യത്തോടെ പ്രസന്ന ഇറങ്ങുകയായിരുന്നു. സ്വകാര്യകമ്പനിയുടെ ടൂർ കോർഡിനേറ്ററായ ഷജിത്തിന്റെ സഹായവും കൂടിയായതോടെ സ്വപ്ന യാത്ര സഫലമാവുകയായിരുന്നു.
പത്രപരസ്യത്തിലൂടെ കണ്ട് കൊച്ചിയിലേക്ക് വിമാനയാത്ര നടത്തിയിരുന്നെങ്കിലും അന്ന് എൺപത്തിയെട്ട് വയസുള്ള അമ്മയെ കൂടെ കൂട്ടാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അമ്മയെയും ഒൻപതാം വാർഡ് തൊഴിലുറപ്പ് ടീമിലെ മുഴുവൻ പേരെയും കൂട്ടാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ട്. എല്ലാവരും കൂടെ വരാൻ തയ്യാറായതും വളരെ സന്തോഷം തരുന്നു
ടി. പ്രസന്ന. ടി ( ഒൻപതാം വാർഡ് മേറ്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |