പാപ്പിനിശ്ശേരി :ദേശീയപാതയുടെ വികസന പദ്ധതിയുടെ ഭാഗമായി കണ്ണൂർ ബൈപാസിൽ വളപട്ടണം പുഴയ്ക്ക് കുറുകെ പാപ്പിനിശ്ശേരി തുരുത്തി കോട്ടക്കുന്ന് ഭാഗത്ത് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ.
ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയ്ക്ക് കുറുകേ പാപ്പിനിശേരി തുരുത്തിയിൽ നിന്നാരംഭിച്ച് ചിറക്കൽ കോട്ടക്കുന്നിൽ അവസാനിക്കുന്ന രീതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
കണ്ണൂർ ബൈപ്പാസ് ഭാഗമായി കടന്നുപോകുന്ന പാലത്തിൽ ആറുവരിയായാണ് റോഡ് സജ്ജീകരിക്കുന്നത്. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഭൂരിഭാഗവും സ്ഥാപിച്ചു കഴിഞ്ഞു.മദ്ധ്യഭാഗത്തുള്ള ഗർഡറുകളും കോട്ടക്കുന്നിൽ നിന്നും തുരുത്തി ഭാഗത്തേക്ക് പോകുന്ന ഏതാനും ഗർഡറുകളുമാണ് സ്ഥാപിക്കുവാൻ ബാക്കി നിൽക്കുന്നത്.മഴ കനത്തതിനെ തുടർന്ന് പ്രവൃത്തി അല്പം മന്ദഗതിയിലായിരുന്നു. കണ്ണൂർ ബൈപാസ് നിർമ്മാണത്തിന്റെ ആദ്യഘട്ടം തുരുത്തി മേഖലയിലായിരുന്നു.പാപ്പിനിശ്ശേരിയിലെ കണ്ടൽ വന മേഖല ഉൾപ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തിയാണ് പ്രാരംഭ പ്രവർത്തികൾ നടത്തിയത്.
തളിപ്പറമ്പ് മുഴപ്പിലങ്ങാട് റീച്ചിൽ പാപ്പിനിശ്ശേരി വേളാപുരത്ത് നിന്നും തുടങ്ങി ചാല വരെ എത്തുന്ന നിലയിലാണ് കണ്ണൂർ ബൈപാസ്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെയും പാപ്പിനിശ്ശേരി മുതൽ മുപ്പിലങ്ങാട് വരെയുള്ള പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടങ്ങിയത് 130 കോടിയിൽ
പൂർത്തിയാകുമ്പോൾ 190 കോടി
ആദ്യ ഡി.പി. ആർ പ്രകാരം തുരുത്തി പാലത്തിന് 130 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ നാവിഗേഷന്റെ നിർദ്ദേശത്തിന്റെ ഭാഗമായി രൂപരേഖയിൽ മാറ്റം വരുത്തിയതോടെ ചിലവ് 190 കോടിയോളം വേണ്ടിവരും. ഇത്തരം മാറ്റങ്ങൾ വരുത്തിയത് മൂലം നിർമ്മാണത്തിനുള്ള അംഗീകാരം വൈകിയിരുന്നു.
തുരുത്തി കോട്ടക്കുന്ന് പാലം
727മീറ്റർ നീളം
19 സ്പാനുകൾ
190കോടി ചിലവ്
ആദ്യ അലൈൻമെന്റ് മാറ്റിയപ്പോൾ നീളം കൂടി
ആദ്യ രൂപരേഖ പ്രകാരം 550 മീറ്റർ നീളമുണ്ടായിരുന്ന പാലം ജലനിരപ്പിൽ നിന്നും നിശ്ചിത ഉയരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിൽ 750 മീറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇൻലാൻഡ് നാവിഗേഷന്റെ നിർദ്ദേശപ്രകാരമാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയത്.പറശിനിക്കടവ് ബോട്ട് ടെർമിനലിനെയും ഹൗസ് ബോട്ട് സർവീസിനെയും വളപട്ടണം പുഴ കേന്ദ്രീകരിച്ച് ഭാവിയിലെ വിനോദ സഞ്ചാരസാദ്ധ്യത കൂടി കണക്കിലെടുത്തായിരുന്നു മാറ്റം. വലിയ ബോട്ടുകൾ കടന്നുപോകുന്ന രീതിയിൽ പാലത്തിന്റെ മദ്ധ്യഭാഗത്തെ ഒരു സ്പാനിന്റെ നീളം 55 മീറ്റർ ആയി വർദ്ധിപ്പിക്കുകയും ചെയ്തു. വെള്ളപൊക്ക ഭീഷണി കണക്കിലെടുത്ത്ആറ് മീറ്റർ ഉയർത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |