കണ്ണൂർ: പൂക്കളം മുതൽ സദ്യവട്ടം വരെയുള്ള എല്ലാറ്റിലും കൈവയ്ക്കുകയാണ് ഇത്തവണ കുടുംബശ്രീ. അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സമ്പൂർണ്ണ സ്വാശ്രയത്വമാക്കുകയാണ് ലക്ഷ്യം.
ജില്ലയിൽ വിവിധ കുടുംബശ്രീകൾ ഇത്തവണ ഓണസദ്യ ഒരുക്കി നൽകും. പരിപ്പും പപ്പടവും സാമ്പാറും അവിയലും അച്ചാറും തോരനുമെല്ലാമുള്ള സദ്യ കുടുംബശ്രീ വീടുകളിലെത്തിക്കും. രണ്ടു പായസമുൾപ്പെടെ 18 ഇനങ്ങളുള്ള സദ്യ ബ്ലോക്ക് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. ഒരു ബ്ലോക്കിൽ രണ്ടു സി.ഡി.എസുകൾക്കാണ് ചുമതല. 150 രൂപ മുതലാണ് നിരക്ക്.
കാർഷിക ഉപജീവന മേഖലാ പദ്ധതികളുടെ ഭാഗമായി ഓണം സമൃദ്ധമാക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ വിഷരഹിത പച്ചക്കറികളും കാർഷിക സംരംഭകരുടെ ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കും.
ജില്ലയിലെ 81 സി.ഡി.എസിലും ഓണം വിപണന മേളകൾ സംഘടിപ്പിക്കും. ഓണക്കാലത്ത് പച്ചക്കറി ഉറപ്പാക്കാൻ ആരംഭിച്ച ഓണക്കനി പദ്ധതിയുടെ ഭാഗമായി 847.24 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്തത്. വിളവെടുപ്പ് വിവിധ സി.ഡി.എസുകളിൽ നടന്നുവരുന്നു. പച്ചക്കറിക്ക് പുറമെ സദ്യക്ക് ആവശ്യമായ എല്ലാം കുടുംബശ്രീകളിലൂടെ ഉത്പാദിപ്പിച്ച് മലയാളികളുടെ ഓണക്കിറ്റ് ഒരുക്കുകയാണ് ലക്ഷ്യം. വരും വർഷങ്ങളിൽ കൂടുതൽ വിസ്തൃതമായ കൃഷി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
മധുരമേകും ഫ്രഷ് ബൈറ്റ്സ്
കുടുംബശ്രീ ജില്ലാ മിഷൻ സംയോജിത കാർഷിക ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ കായ ചിപ്സ്, ശർക്കര വരട്ടി എന്നിവ വിപണിയിലെത്തിച്ചു. ഐ.എഫ്.സി കർഷകരിൽ നിന്നും വാഴക്കുല നേരിട്ട് സംഭരിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. 40 ക്വിന്റൽ വാഴക്കുലയാണ് സംഭരിച്ചത്. കുടുംബശ്രീ ഓൺലൈൻ പോർട്ടലായ പോക്കറ്റ് മാർട്ട് വഴി ഇതിനോടകം 5,75,000 രൂപയുടെ ചിപ്സ് വിൽപന നടന്നിട്ടുണ്ട്. 100 ഗ്രാമിന്റെ ഉത്പന്നങ്ങൾ 45 രൂപയ്ക്കാണ് വിപണിയിൽ ലഭിക്കുന്നത്.
പോക്കറ്റ് മാർട്ട് ആപ്പ്
ഓണം വിപണി വിരൽത്തുമ്പിലാക്കാൻ കുടുംബശ്രീ പോക്കറ്റ് മാർട്ട് പ്രവർത്തനം ആരംഭിച്ചു. ഉപ്പേരി മുതൽ കറിമസാല വരെ വിരൽത്തുമ്പിൽ ലഭ്യമാക്കിക്കൊണ്ട് ഓണം വിപണിയിൽ പുതിയ ചുവടുവയ്ക്കുകയാണ് കുടുംബശ്രീ. ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇകെമേഴ്സ് മൊബൈൽ ആപ്ലിക്കേഷനായ പോക്കറ്റ്മാർട്ട് ദി കുടുംബശ്രീ സ്റ്റോർ എന്ന സംവിധാനത്തിലൂടെ ഇനിയെല്ലാം വീട്ടിലിരുന്ന് വാങ്ങാം. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ നൂറിലധികം ഉത്പന്നങ്ങളും ആപ്പിലൂടെ വാങ്ങാനാകും.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഗിഫ്റ്റ് ഹാംപറുകൾ
ഓണത്തിന് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉൾക്കൊള്ളിച്ച് ഗിഫ്റ്റ് ഹാംപറുകളും ആപ്പിൽ തയ്യാറായിക്കഴിഞ്ഞു. സംരംഭകർക്ക് അധിക വരുമാനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗിഫ്റ്റ് ഹാംപറുകൾ തയ്യാറാക്കുന്നത്. ഗിഫ്റ്റ് ഹാംപർ വാങ്ങുമ്പോൾ ഫേട്ടോയും ഓണാശംസകളും ചേർത്ത് പ്രത്യേകം രൂപകൽപ്പനചെയ്യുന്ന ആശംസാകാർഡും സമ്മാനിക്കാം. അതിനായി ഓർഡർ ചെയ്യുമ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ആപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |