കാഞ്ഞങ്ങാട്: കുടക് നാപ്പോക്കിലെ പി.എ സലീം(40) ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ വീട്ടിൽ കയറി എടുത്തുകൊണ്ടുപോയി അരകിലോമീറ്റർ ദൂരത്തുള്ള വയലിൽ വച്ച് പീഡിപ്പിച്ച കേസിൽ സമർപ്പിക്കപ്പെട്ട തെളിവുകളൊന്നടങ്കം കിറുകൃത്യം. പ്രോസിക്യൂഷനും പൊലീസിനും നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നതായിരുന്നു ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് നടത്തിയ വിധി പ്രസ്താവം.
എ.പി.പി അഡ്വ.എ.ഗംഗാധരൻ നിരത്തിയ തെളിവുകളിൽ പൂർണതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. ഒപ്പം പ്രതിഭാഗത്തിനായി സർക്കാർ നൽകിയ അഭിഭാഷകൻ ദേവദാസിന്റെ നിലപാടിനെയും കോടതി അഭിനന്ദിച്ചു.
67 സാക്ഷി മൊഴികളും, 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയായിരുന്നു കുറ്റപത്രം. കാമാസക്തിക്കായി തട്ടിക്കൊണ്ടുപോകൽ, പോക്‌സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകളാണ് പ്രതിയായ പി.എ.സലീമിനെതിരെ പോലീസ് ചുമത്തിയിരുന്നത്.
അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസിനെയും കോടതി അഭിനന്ദിച്ചു. പ്രതി അറസ്റ്റിലായതിന്റെ 39ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി. ആസാദാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ വിചാരണ വളരെ വേഗത്തിലായിരുന്നു പൂർത്തിയാക്കിയത്.
ശിക്ഷ വിവിധ വകുപ്പുകൾ പ്രകാരം
ഭാരതീയ ന്യായസംഗിത( ബി.എൻ.എസ്) പ്രകാരവും പോക്‌സോ നിയമപ്രകാരവും ഉള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
449ഭവനഭേദനം
366, 363 തട്ടിക്കൊണ്ടു പോകൽ
370 മൈനറെ തട്ടിക്കൊണ്ടു പോകൽ
506 ഭീഷണിപ്പെടുത്തൽ
342 തടഞ്ഞു വയ്ക്കൽ
376 ബലാസത്സംഗം
393 കവർച്ച
പോക്‌സോ നിയമത്തിലെ 6(1)5എം
രണ്ടാം പ്രതി സുഹൈബക്കെതിരെ
ബി.എൻ.എസ് 414
കുറ്റപത്രത്തിലെ കൃത്യത
കേസിൽ 67 സാക്ഷികളെയാണ് വിസ്തരിച്ചത്. രക്തസാമ്പിൾ, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, പീഡനം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകൾ, സി സി ടി.വി ദൃശ്യങ്ങളുടെ വീഡിയോ ഫയൽ തുടങ്ങി 40ലധികം വസ്തുക്കൾ, കുട്ടി ഹോസ്ദുർഗ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാൻ തുടങ്ങി 15ലധികം രേഖകൾ എന്നിവ 300 പേജുകളടങ്ങിയ കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു.
സാക്ഷികൾക്കും നാട്ടുകാർക്കും അഭിഭാഷകർക്കും നന്ദി പറഞ്ഞ് കോടതി
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കുടക് സ്വദേശി പി.എ സലാമിനെ ജീവിതാന്ത്യം വരെ തടവിന് വിധിച്ച വിധിന്യായത്തിൽ സാക്ഷികൾക്കും അന്വേഷണസംഘത്തിനും എ.പി.പിക്കും സർക്കാർ പ്രതിഭാഗത്തിനായി നൽകിയ അഭിഭാഷകനും നാട്ടുകാർക്കും കോടതിയുടെ പ്രശംസ. എല്ലാ സംശയങ്ങൾക്കും അതീതമായി കുറ്റകൃത്യം തെളിയിക്കപ്പെട്ടതായി കണ്ടെത്തിയെന്ന വിധിന്യായത്തിലാണ് ഇവരയെല്ലാം പ്രശംസിച്ചത്.
കോടതിയുടെ കണ്ണും കാതുമായി പ്രവർത്തിച്ച അതിജീവിതയായ പെൺകുട്ടിയുടേയും പ്രധാന സാക്ഷികളായ നാട്ടുകാരുടെയും സത്യനിഷ്ഠയും നീതിബോധത്തിലും അങ്ങേയറ്റം നന്ദിയും ആദരവും വിധിന്യായത്തിൽ രേഖപ്പെടുത്തി.
പ്രോസിക്യൂഷൻ വിസ്തരിച്ച എല്ലാ സാക്ഷികളും സർവാത്മന കേസിന് പിന്തുണച്ച് തെളിവ് നൽകിയതായും കോടതി അഭിപ്രായപ്പെട്ടു.
ഭാരതീയ ന്യായ സംഹിത( ബി.എസ്.എ) 23ാം വകുപ്പ് പ്രകാരം (സെക്ഷൻ 27 )പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ബലാത്സംഗം, അപഹരണം എന്നിവ ചെയ്തതായി കോടതി കണ്ടെത്തി. കുറ്റകൃത്യം നടത്തിയ സ്ഥലം, അപഹരിച്ച സ്വർണകമ്മൽ വിൽപന നടത്തിയ കൂത്തുപറമ്പിലെ ജ്വല്ലറി എന്നിവ സംബന്ധിച്ച കണ്ടെത്തൽ യഥാർത്ഥമാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യുഷൻ ഉന്നയിച്ച എല്ലാ കുറ്റകൃത്യങ്ങളും രണ്ട് പ്രതികൾക്കെതിരെയും യുക്തിസഹമായും എല്ലാ സംശയങ്ങൾക്കും അതീതമായി തെളിയിക്കപ്പെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |