കൊല്ലം: കൈവെള്ളയിൽ ഒതുങ്ങുന്നത് മുതൽ മുതൽ ആറടി പൊക്കമുള്ള നൂറുകണക്കിന് ഗണപതി ശില്പങ്ങളാണ് പയ്യന്നൂർ കുഞ്ഞിമംഗലത്ത് ചിത്രൻ കുഞ്ഞിമംഗലത്തിന്റെ (40) കരവിരുതിൽ പൂർത്തിയായത്. കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഗണപതി വിഗ്രഹങ്ങളിൽ പലതും ഈ ശില്പകലാകാരന്റേതാണ്.
നൃത്തം ചെയ്യുന്ന ഗണപതി വിഗ്രഹം വീടിന് ഐശ്വര്യമാണെന്നാണ് വിശ്വാസം. അതിനാൽ 'നൃത്യ ഗണപതി' വിഗ്രഹങ്ങൾക്കായി മറുനാടുകളിൽ നിന്നും ആളുകളെത്താറുണ്ട്. വിദേശ രാജ്യങ്ങളിലേക്കും ശില്പങ്ങൾ പറന്നു. അച്ഛൻ പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർക്കൊപ്പം കുട്ടിക്കാലം മുതൽ ശില്പനിർമ്മാണ രംഗത്തുണ്ട്. പാർലമെന്റ് മന്ദിരത്തിലെ എ.കെ.ജി പ്രതിമ കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ നിർമ്മിച്ചതാണ്.
ദേവന്റെ സൂക്ഷ്മ ശരീരമാണ് വിഗ്രഹങ്ങൾ. അതിനാൽ മനസും ശരീരവും കർമ്മത്തിൽ അർപ്പിക്കണം. ചിത്രന്റെ മൂശയിൽ ശില്പങ്ങൾ ഒരുങ്ങുമ്പോൾ ആ ചിട്ടകൾ തെറ്റാറില്ല. മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങളാണ് ചിത്രൻ കൂടുതൽ തയ്യാറാക്കിയിട്ടുള്ളത്. കളിമണ്ണിലും വെങ്കലത്തിലും വെള്ളിയിലുമൊക്കെ ശില്പങ്ങൾ ഒരുക്കും. സ്വർണം പൊതിഞ്ഞ ചെറു വിഗ്രഹങ്ങൾക്കും ആവശ്യക്കാരുണ്ടെന്ന് ചിത്രൻ പറയുന്നു.
പാരമ്പര്യ തനിമ
വെങ്കല പൈതൃക ഗ്രാമമായ കുഞ്ഞിമംഗലത്തിന്റെ തനത് വെങ്കല ശില്പകല ചിത്രൻ കുഞ്ഞിമംഗലത്തിന് പാരമ്പര്യമായി പകർന്നുകിട്ടിയതാണ്. സ്കൂൾ പഠനകാലത്ത് ക്ളേ മോഡലിംഗിലും ഓയിൽ പെയിന്റിംഗിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ലഭിച്ചിരുന്നു. കേരള ക്ഷേത്ര കലാ അക്കാഡമിയുടെയും കേരള ഫോക്‌ലോർ അക്കാഡമിയുടെയും യുവപ്രതിഭ പുരസ്കാരമടക്കം ഏറെ അംഗീകാരങ്ങൾ തേടിയെത്തി. ഭാര്യ: അഞ്ജലി. മകൾ: വർണ.
ചിത്രൻ കുഞ്ഞിമംഗലം
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശില്പ വിഭാഗത്തിൽ ബി.എഫ്.എ
മൈസുരു ശ്രീ അല്ലാമ പ്രഭു ലളിതകല അക്കാഡമിയിൽ നിന്ന് എം.എഫ്.എ
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകല അദ്ധ്യാപകനായി, പിന്നീട് രാജിവച്ചു
അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ സ്ഥാപിച്ച ഗാന്ധി ശില്പം ചിത്രന്റേത്
ശ്രീനാരായണ ഗുരുദേവൻ, ഇ.എം.എസ്, വിവേകാന്ദൻ, ടെയ്ലർ തുടങ്ങി ഒട്ടേറെ ശില്പങ്ങൾ ചെയ്തു
ഒരു ശില്പമൊരുക്കാൻ രണ്ട് മുതൽ മൂന്ന് മാസം വരെയെടുക്കും. ഗണേശ വിഗ്രഹങ്ങൾക്കാണ് കൂടുതൽ സമയം വേണ്ടിവരുന്നത്.
ചിത്രൻ കുഞ്ഞിമംഗലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |