കാസർകോട്: മംഗളുരു കാസർകോട് അന്തർസംസ്ഥാന ദേശസാത്കൃത റൂട്ടിൽ സർവ്വീസ് നടത്തുന്ന കർണ്ണാടക ട്രാൻസ്പോർട്ട് ബസുകൾ അറുപഴഞ്ചനാണെന്ന ആരോപണവുമായി ഇന്നലെ തലപ്പാടിയിലെ അപകടസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ ആരോപണം. പഴഞ്ചൻ ബോഡിയും പഴക്കം ചെന്ന ടയറുകളുമായാണ് ഇവ സർവീസ് നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു.ഇതിന് പുറമെ ഇന്നലെ അപകടത്തിൽപെട്ട ബസിന് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.
കേരള ഗതാഗത വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർണ്ണാടക ബസുകൾ ലംഘിക്കുകയാണ്.നിയമം ലംഘിച്ച് സർവ്വീസ് റോഡ് വിട്ട് ദേശീയപാത വഴിയാണ് ഇവ ഓടിച്ചുപോകുന്നത്. യാത്രക്കാരോടുള്ള ഇവരുടെ പെരുമാറ്റവും പരുക്കനാണെന്ന് നാട്ടുകാർ പറഞ്ഞു. പഴഞ്ചൻ ബസുകൾക്ക് കർണ്ണാടക ആർ.ടി.എ സർവ്വീസ് നടത്താൻ അനുമതി നൽകുന്നത് എങ്ങനെയാണെന്നും നാട്ടുകാർ ചോദിച്ചു. ഇത്തരം ബസുകൾ മിക്കപ്പോഴും അപകടം വിളിച്ചുവരുത്തുകയാണെന്നും ഇവർ കുറ്റപ്പെടുത്തി.
മംഗളുരു- കാസർകോട് റൂട്ടിൽ അഞ്ചും പത്തും മിനുട്ട് ഇടവിട്ട് രണ്ടു സംസ്ഥാനങ്ങളിലെയും സർക്കാർ ബസുകളാണ് ഓടുന്നത്. സർവ്വീസ് റോഡിലൂടെ പോകേണ്ടുന്ന ബസുകൾ പലപ്പോഴും പ്രധാന പാതയിലൂടെ സഞ്ചരിക്കുന്നതും മത്സരയോട്ടം നടത്തുന്നതും പതിവാണ്. യാത്രയ്ക്കിടെ ചില ഡ്രൈവർമാർ പാൻ മസാല അടക്കമുള്ളവയും ഹെഡ് സെറ്റുമൊക്കെ ഉപയോഗിക്കുന്നതായും പരാതി ഉണ്ട്,ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം.കാസർകോട് ചേരുന്ന യോഗങ്ങളിലെല്ലാം ഈ അമിതവേഗത വിഷയം ഉന്നയിക്കാറുണ്ട്. എന്നാൽ ഒരു പ്രയോജനവും കിട്ടാറില്ല. അമിതവേഗതയും അശ്രദ്ധയും തന്നെയാണ് അപകടം ഉണ്ടാക്കുന്നത്.ഇന്നലത്തെ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി കർണാടക മുഖ്യമന്ത്രിയോടും കർണാടക സ്പീക്കർ യുടി ഖാദറിനോടും ആവശ്യപ്പെടും
എ.കെ.എം അഷ്‌റഫ്,( മഞ്ചേശ്വരം എം.എൽ.എ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |