കണ്ണൂർ: സർക്കാർ അവസാന വർഷത്തിലേക്ക് കടക്കവെ പൊലീസ് സേനയിൽ അസാധാരണമായി വന്ന നിർദ്ദേശം വിവാദമാകുന്നു. പൊലീസുകാരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നടപടി സ്വകാര്യതാ ലംഘനമാണെന്ന ആരോപണവുമായാണ് സേനാംഗങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ളതാണ് ഈ നടപടിയെന്ന് സേനാംഗങ്ങളിലെ ഒരു വിഭാഗം പ്രതികരിക്കുന്നു. സർക്കാരിനെതിരെ സേനയിൽ ചില അസ്വാരസ്യങ്ങൾ പുകയുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നു. തെറ്റായ വിവരങ്ങൾ നൽകിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയ പരിശോധനകൾ നടത്തണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തിൽ വർദ്ധിച്ചുവരികയാണ്. വംശീയമോ അപകീർത്തികരമോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യുന്ന ഉദ്യോഗസ്ഥർ പൊതുസുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന ആശങ്കയാണ് ഇതിനു പിന്നിൽ.
വിവരശേഖരണത്തിന് ഗൂഗിൾ ഫോം
ജില്ലാ പൊലീസ് ചീഫിന്റെ നിർദ്ദേശപ്രകാരം, സിവിൽ പൊലീസ് ഓഫീസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, വനിതാ സെൽ വരെയുള്ള ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ഈ മാസം പത്തിനുള്ളിൽ സമർപ്പിക്കണം. ഡിവൈ.എസ്.പി റാങ്കിനും അതിനു മുകളിലുള്ളവർക്കും നിർദ്ദേശം ബാധകമല്ല. പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോമിലൂടെയാണ് വിവരങ്ങൾ കൈമാറേണ്ടത്. ഏതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്, ഏതൊക്കെ ഗ്രൂപ്പുകളിൽ അംഗമാണ് എന്നീ വിവരങ്ങൾ വ്യക്തമാക്കണം. നൽകുന്ന വിവരങ്ങൾ ശരിയാണെന്ന് ഗൂഗിൾ ഫോമിൽ സാക്ഷ്യപ്പെടുത്തണം. ഓരോ പൊലീസ് സ്റ്റേഷനുകളിലും ഈ വിവരങ്ങൾ പ്രിന്റ് എടുത്ത് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |