
കണ്ണൂർ: ജില്ലയിൽ ഗതാഗതവകുപ്പ് സ്പെഷ്യൽ ഡ്രൈവിലൂടെ വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗിച്ചതിന്റെ പേരിൽ പത്തുദിവസത്തിനകം പിഴയിനത്തിൽ ഈടാക്കിയത് രണ്ടര ലക്ഷം. കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കുന്ന ഹോണുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു സംസ്ഥാനത്താകെ എയർഹോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടി തുടങ്ങിയത്.
ജില്ലയിൽ 73 വാഹനങ്ങളാണ് എയർഹോണുമായി പിടിയിലായത്. സ്വകാര്യ,ടൂറിസ്റ്റ് ബസുകൾ, ലോറികൾ എന്നിവയിൽ നിന്നാണ് കൂടുതലും പിഴ ചുമത്തിയത്.കാറുകളിൽ നിന്നും എയർഹോൺ കണ്ടെത്തിയിട്ടുണ്ട്. സാധാരണനിലയിൽ 2000 രൂപയാണ് പിഴത്തുക. എന്നാൽ കുറ്റം ആവർത്തിച്ചവർക്ക് പതിനായിരം രൂപ വരെ ചുമത്തിയിട്ടുണ്ട്. അന്യ സംസ്ഥാന ലോറികളിൽ നിന്നും എയർഹോണുകൾ കണ്ടെത്തിയിട്ടുണ്ട്.
റോഡ് റോളർ കയറ്റിയില്ല
പിടിച്ചെടുത്ത എയർ ഹോണുകൾ അധികൃതർ ആർ.ടി.ഒ ഓഫീസിൽ എത്തിക്കുകയാണ് ചെയ്തത്. ഇത് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. എറണാകുളത്ത് റോഡ്റോളർ കയറ്റി എയർഹോണുകൾ തകർത്തത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഇതും തുടർച്ചയില്ലാത്ത നടപടിയാകുമോ?
ഗതാഗത വകുപ്പ് നടപ്പാക്കുന്ന നടപടികളിൽ മിക്കതിലും തുടർച്ചയുണ്ടാകാറില്ലെന്ന പരാതി നേരത്തെ മുതലുണ്ട്. എയർഹോൺ നിരോധനം നേരത്തെ നിലവിലുള്ളതാണ്. പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ പല വാഹനങ്ങളും ഇത് ഘടിപ്പിക്കുകയായിരുന്നു.സ്വകാര്യ ബസുകളിൽ സ്പീഡ് ഗവർണർ നിർബന്ധമാക്കിയ വകുപ്പ് പക്ഷെ ഇക്കാര്യത്തിൽ കാര്യമായ പരിശോധനയ്ക്ക് ഇപ്പോൾ മെനക്കെടുന്നില്ല. ഇതിനാൽ പല ബസുകളും സ്പീഡ് ഗവർണറുകൾ എടുത്തുമാറ്രുന്നുവെന്ന് ആക്ഷേപമുണ്ട്. ബസുകളിൽ ഡോർ അടച്ച് മാത്രമെ യാത്രക്കാരെ കൊണ്ടുപോകാവുവെന്ന നിർദ്ദേശം കണ്ണൂർ നഗരത്തിൽ പോലും പാലിക്കപ്പെടാറില്ല. ടൂറിസ്റ്റ് ബസുകളിലെ അലങ്കാര വെളിച്ചങ്ങളും ശബ്ദവും നീക്കിയതിലും തുടർപരിശോധന ഉണ്ടായില്ല.
ചുരങ്ങളിലും വളവുകളിലും എന്ത് ചെയ്യും?
അതിർത്തിയിലെ വലിയ ചുരങ്ങളിലും വളവുകളിലും അപകടമൊഴിവാക്കാൻ എയർഹോണുകൾ അനിവാര്യമാണെന്ന നിലപാടാണ് അന്തർ സംസ്ഥാന ലോറികളിലെയും ബസുകളിലെയും തൊഴിലാളികൾ.
എയർ ഹോണുകൾ പിടിച്ചെടുക്കുയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. പരിശോധന കർശനമായി നടക്കുന്നുണ്ട്. തെറ്റാവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. - റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |