
കണ്ണൂർ: കോഴി മാലിന്യം നീക്കാൻ കഴിയാതെ അടച്ചിടേണ്ടിവരുന്ന പ്രതിസന്ധിയിലേക്ക്. കോർപറേഷനിലേയും പരിസരപ്രദേശങ്ങളിലെയും ചിക്കൻ സ്റ്റാളുകൾ.ഇതുവരെ വേസ്റ്റ് എടുത്തിരുന്ന മട്ടന്നൂർ പൊറോറ കരിത്തൂർപറമ്പിലെ പ്ലാന്റ് മുന്നറിയിപ്പില്ലാതെ പ്രവർത്തനം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.ഇതുമൂലം ചിക്കൻ കടകളിൽ നിന്ന് അറവുമാലിന്യങ്ങൾ മാറ്റാനാകാത്ത സ്ഥിതിയാണ്.
രൂക്ഷമായ ദുർഗന്ധം കാരണം പ്രാദേശികമായ എതിർപ്പുയർന്നതിനെ തുടർന്ന് മട്ടന്നൂർ പൊറോറയിലെ റെൻഡറിംഗ് പ്ളാന്റ് നഗരസഭ കൗൺസിൽ ഇടപെട്ട് കഴിഞ്ഞ സെപ്തംബറിൽ താൽക്കാലികമായി അടപ്പിച്ചിരുന്നു.പ്ലാന്റിൽ നിന്നുള്ള മലിനീകരണവും ദുർഗന്ധവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടായതിനെ തുടർന്നായിരുന്നു നടപടി. കളക്ടർ അദ്ധ്യക്ഷനായ മാലിന്യ പരിപാലന സമിതിക്ക് നഗരസഭാ കൗൺസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
നഗരസഭ പാട്ടത്തിന് നൽകിയ സ്ഥലത്താണ് വിരാട് റെൻഡറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള മലിനജലം സമീപത്തെ ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിവിടുന്നതായും പ്ലാന്റ് പരിസരത്ത് ദുർഗന്ധമുണ്ടാകുകയും ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം ഉയർന്നു. നേരത്തെ ഇതെ പ്രശ്നമുണ്ടായപ്പോൾ മോണിറ്ററിംഗ് സമിതി രൂപീകരിക്കുകയും അറ്റകുറ്റപ്പണി നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.
കോഴി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യം
അറവ് മാലിന്യങ്ങൾ തള്ളുന്നത് മൂലം ജലാശയങ്ങൾ മലിനമാകുന്നത് വർദ്ധിച്ചതോടെയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എല്ലാ ജില്ലകളിലും സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ റെൻഡറിംഗ് പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. കണ്ണൂരിനെ കോഴിമാലിന്യ മുക്ത ജില്ലയാക്കാനായിരുന്നു 2021ൽ എട്ട് കോടി ചെലവിൽ മാലിന്യ സംസ്കരണ ശാല ആരംഭിച്ചത്. പ്രതിദിനം 40 ടൺ വരെ മാലിന്യം ഇവിടെ സംസ്‌കരിക്കാൻ കഴിയും. ഇവ മത്സ്യതീറ്റയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആധുനിക സംവിധാനങ്ങളോടും സാങ്കേതിക വിദ്യയോടും കൂടിയുള്ള പ്ലാന്റ് ആയതിനാൽ പരിസര മലിനീകരണമോ ദുർഗന്ധമോ ഉണ്ടാവില്ലെന്ന് തുടക്കത്തിൽ പരിസരവാസികൾക്ക് ഉറപ്പ് നൽകിയതാണ്. എന്നാൽ പ്രർത്തനം തുടങ്ങിയതോടെ ഉറപ്പുകൾ ലംഘിക്കപ്പെട്ടു. കടുത്ത ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു.
കണ്ണൂർ ജില്ലയിൽ 1300 ചിക്കൻ കടകൾ
നിലവിൽ ജില്ലയിലെ ചിക്കൻ കടകളിൽ അറവ് മാലിന്യങ്ങൾ കെട്ടികിടക്കുകയാണ്. ഈ പ്ളാന്റ് നിലവിൽ വരുന്നതിന് മുമ്പ് ജില്ലയിലെ മറ്റ് ചെറുകിട പ്ലാന്റുകളിലേക്കും പന്നി ഫാമുകളിലേക്കുമെല്ലാമാണ് നേരത്തെ ചിക്കൻ വ്യാപാരികൾ അറവ് മാലിന്യങ്ങൾ നൽകിയിരുന്നത്.എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിനെ തുടർന്നാണ് വിരാട് റെൻഡറിംഗ് പ്ലാനിലേക്ക് മാലിന്യങ്ങൾ നൽകി തുടങ്ങിയത്.ജില്ലയിൽ ഏകദേശം 1300 ചിക്കൻ കടകൾ പ്രവർത്തിക്കുന്നുണ്ട്.നിലവിൽ മാലിന്യം എടുക്കുന്നത് നിർത്തിയതോടെ ഇവയിൽ ബഹുഭൂരിപക്ഷം കടകളുടെയും പ്രവർത്തനം താളം തെറ്റിയിട്ടുണ്ട്.ജില്ലയിലെ മിക്ക ചിക്കൻ കടകളും വിരാട് റെന്ററിംഗ് പ്ലാന്റുമായി നൽകിയ ഒരു വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റിലേക്ക് മാലിന്യങ്ങൾ നൽകി തുടങ്ങിയത്.
നിലവിൽ മാലിന്യം കടകളിൽ കെട്ടികിടക്കുന്ന അവസ്ഥയാണ്. ഇങ്ങനെ പോയാൽ കടകൾ അടച്ചിടേണ്ടിവരും.അധികൃതർ ഇടപെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കണം.
ഇസ്മെയിൽ പൂക്കോം,ജില്ലാ പ്രസിഡന്റ് ,ചിക്കൻ വ്യാപാരി സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |