
കണ്ണൂർ: കർഷകർക്ക് എല്ലാ സൗകര്യങ്ങളും ഒരെയിടത്ത് ലഭിക്കുകയെന്ന ലക്ഷ്യവുമായി കണ്ണോത്തുംചാലിൽ റെയ്ഡ്കോ പുത്തൻ സംരംഭം ആരംഭിക്കുന്നു. അത്യുല്പാദന ശേഷിയുള്ള ഫലവൃക്ഷ തൈകൾ, ഗുണമേന്മയുള്ള വിത്തുകൾ, ബയോ ഫെർട്ടിലൈസർ, പരിസ്ഥിതി സൗഹൃദ കീടനാശിനികൾ, കാർഷികോപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്നും ലഭിക്കും.
സർക്കാർ ഫാമുകളുമായും മറ്റ് ഫാമുകളുമായും കൈകോർത്ത് ഗുണമേന്മയുള്ള നഴ്സറി തൈകൾ ,എല്ലാവിധ കാർഷിക യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണി എന്നിവയും ഇവിടെ നിന്നും ലഭിക്കും. കണ്ണോത്തുംചാൽ റെയ്ഡ്‌കോ ഫെസിലിറ്റി സെന്ററിൽ 30 ന് വൈകുന്നേരം 4ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
കാർഷിക യന്ത്രോപകരണങ്ങൾ, മാലിന്യ സംസ്‌കരണ ഉപാധികൾ, ഭക്ഷ്യോത്പന്നങ്ങൾ എന്നീ മേഖലകളിൽ വിശ്വാസ്യത നേടിയ റെയ്ഡ്‌കോ കഴിഞ്ഞ വർഷം മുതൽ കറിപൗഡറുകളുമായി അന്താരാഷ്ട്ര വിപണിയിലേക്ക് കടന്നതായും അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബയോ ഫെർട്ടിലൈസർ, പമ്പ് സെറ്റുകൾ, മട്ട അരി, തിന, റാഗി, ഗോതമ്പ്, ബ്ലാക്ക് റൈസ് എന്നിവയുടെ ആരോഗ്യകരമായ ഫ്‌ളേക്സ് ഉൽപ്പന്നങ്ങൾ എന്നിവ റെയ്ഡ്‌കോ ബ്രാൻഡിൽ വിപണിയിലെത്തുമെന്നും റെയ്ഡ്കോ ഭരണസമിതി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.ഇതിലൂടെ 200 കോടിയുടെ ബിസിനസ് കണ്ടെത്താമെന്ന് പ്രതീക്ഷയുണ്ടെന്നും ചെയർമാൻ എം.സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വി.രതീശൻ കെ.എം.പി , മാനേജിംഗ് ഡയറക്ടർ സി.പി. മനോജ്കുമാർ എന്നിവർ
പറഞ്ഞു.
റെയ്ഡ്കോയിൽ ട്രേഡ് യൂണിയനുകൾ 'ഭായി ഭായി"
സ്ഥാപനത്തിനെതിരെയെന്ന് ചെയർമാൻ
സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനമായ റെയ്ഡ്‌കോയിൽ സ്ഥാപനത്തിലെ ട്രേഡ് യൂണിയനുകൾ സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ചെയർമാൻ എം.സുരേന്ദ്രൻ. സ്ഥാപനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്റ് നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കാത്ത സി.ഐ.ടി.യു അടക്കമുള്ള സംഘടനകളുടെ നിലപാടിനെതിരെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ സുരേന്ദ്രന്റെ രൂക്ഷ വിമർശനം.
റെയ്ഡ്കോയിലെ യൂണിയനുകൾ സ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതായി അദ്ദേഹം വിമർശിച്ചു. ഐ.എൻ.ടി.യു.സിയും സി.ഐ.ടി.യുവും തമ്മിൽ അവിടെ ഭായി ഭായി ബന്ധമാണ്. പൊതു വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുന്നത് സന്തോഷകരമാണ്. സമരം ചെയ്യുന്നതിലും എതിർപ്പില്ല. പക്ഷേ, അത് സ്ഥാപനത്തിന്റെ സ്ഥിതി പരിഗണിച്ചുകൊണ്ടാവണമെന്ന് ചെയർമാൻ വ്യക്തമാക്കി.തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്ഥാപനമാണ് റെയ്ഡ്‌കോ. മാനേജ്‌മെന്റുകൾ അഞ്ചുവർഷം കൂടുമ്പോൾ മാറിവരും. എന്നാൽ സ്ഥാപനം നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിൽ നാലുമാസത്തെ ശമ്പളം കുടിശ്ശികയെന്ന വാർത്ത തെറ്റാണ്. രണ്ടുമാസത്തെ ശമ്പളം കൊടുക്കാനുണ്ട്. വരവില്ലാത്തതും ചെലവ് കൂടുന്നതുമാണ് പ്രതിസന്ധിയുടെ കാരണം.പ്രതിസന്ധി മറികടക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഇതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതടക്കം വലിയ ഇടപെടലുകൾ നടത്തിവരികയാണ്. ഇതിലൂടെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.
ഈ സമയത്ത് സ്ഥാപനവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ യൂണിയനുകൾ തയ്യാറാകണം. സ്ഥാപനവുമായി സഹകരിക്കാതെ നിൽക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |