
@ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മൂന്ന് പേരുകൾ
പത്തനംതിട്ട: തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ യു.ഡി.എഫിൽ ജില്ലാ പഞ്ചായത്ത്, നഗരസഭ അദ്ധ്യക്ഷരെ തിരഞ്ഞെടുക്കുന്നതിന് അണിയറ ചർച്ചകൾ സജീവമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയും നഗരസഭ അദ്ധ്യക്ഷരും ഇത്തവണ വനിതകൾക്കുള്ളതാണ്.
എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആരെയൊക്കെ എന്നത് ഡി.സി.സി നേതൃത്വം പുറത്തു പറയുന്നില്ല. യു.ഡി.എഫിൽ
കോൺഗ്രസ് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട്. ഭരിക്കാൻ വേണ്ടത് ഒൻപത് സീറ്റുകളാണ്. കോൺഗ്രസ് ഒറ്റയ്ക്ക് പത്ത് സീറ്റുകൾ നേടി. ഇവരിൽ അഞ്ച് അംഗങ്ങൾ വനിതകളാണ്. ഘടക കക്ഷിയായ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് രണ്ട് അംഗങ്ങളുമുണ്ട്. ഇതിൽ ഒരാൾ വനിതയാണ്. വിജയിച്ചുവന്ന 12 യു.ഡി.എഫ് അംഗങ്ങളിൽ ആകെ ആറ് പേർ വനിതകളാണ്.
കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതുകൊണ്ട് അഞ്ച് വർഷവും പാർട്ടി പ്രതിനിധി തന്നെ അദ്ധ്യക്ഷയായേക്കും. കോൺഗ്രസിൽ നിന്ന് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് പ്രധാനമായും മൂന്ന് പേരുകളാണ്. മലയാലപ്പുഴയിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ സീനിയർ നേതാവും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കോന്നി ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അമ്പിളി മുൻപ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന, ഇപ്പോൾ ഇലന്തൂരിനെ പ്രതിനിധീകരിക്കുന്ന സ്റ്റെല്ലാ തോമസ്, പള്ളിക്കലിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് സി.പി.ഐ പ്രതിനിധിയായി വിജയിച്ച ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോവുകയും, കോൺഗ്രസിൽ ചേർന്ന് പള്ളിക്കലിലെ എൽ.ഡി.എഫ് കോട്ട തകർത്തു വന്ന മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ എന്നിവരിൽ ഒരാൾക്ക് അദ്ധ്യക്ഷ പദവി ലഭിച്ചേക്കും. അദ്ധ്യക്ഷ പദവി മുൻപത്തേപ്പോലെ പങ്കിട്ടു നൽകാൻ സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |