തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ ഇടതുപക്ഷ നേതാക്കളെ വീണ്ടും വിമർശിച്ച് മുതിർന്ന സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ.പാറ, ക്വാറി, മണ്ണ്, മണൽ, ഭൂമി കൈയേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാരാകാൻ മത്സരിക്കുന്നവരും അനധികൃത ക്വാറി നടത്തിപ്പുകാരുമായ നേതാക്കളെ ജനം തിരിച്ചറിയുന്നുണ്ടെന്ന് ശിവരാമൻ സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു. പലരും പകൽ മാന്യന്മാരാണ്. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ. വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം ഉണ്ടാകണം.തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണം. സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും എന്തുകൊണ്ട് വോട്ടർമാർ മാറി വോട്ട് ചെയ്തു. അപ്പം കൊണ്ട് മാത്രം ജനങ്ങൾ തൃപ്തരല്ല. ശബരിമല സ്വർണ്ണ കൊള്ളയിൽ ജയിലിൽ കഴിയുന്നവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. തിരഞ്ഞെടുപ്പിൽ സംഘടന സംവിധാനം പ്രവർത്തിച്ചോയെന്ന് പരിശോധിക്കണം. ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് എൽ.ഡി.എഫ് പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |