
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പിടിവീണത് 33 പേർക്ക്
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അമിത വേഗതയെ തുടർന്ന് പിടിയിലായത് 30 ഓളം പേർ. കൗമാരക്കാരും യുവാക്കളുമാണ് ബൈക്കിൽ ചീറിപ്പായുന്നതെന്ന് പൊലീസ് പറഞ്ഞു.എന്നാൽ പിടിക്കപ്പെട്ടാൽ പിഴ എത്ര വേണമെങ്കിലും ഈടാക്കിക്കോളുവെന്നാണ് ഇവരിൽ ഭൂരിഭാഗത്തിന്റെയും മറുപടി.
നമ്പർ പ്ലേറ്റ് മറച്ചുവച്ചും അഴിച്ചുമാറ്റിയുമാണ് പലരും നിരത്തുകളിലൂടെ ന്യൂജെൻ ബൈക്കുകളിൽ സവാരി നടത്തുന്നത് . ക്യാമറ സ്ഥാപിച്ച സ്ഥലങ്ങളിൽ പെട്ടാൽ പിടിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലാണിത്.മുൻപിലും പിറകിലുമിരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയാണ് പലരുടെയും ചുറ്റിക്കറക്കം .
പിടിക്കപ്പെടുന്ന വാഹനങ്ങൾക്കൊന്നും ആവശ്യമായ രേഖകളും ഇല്ല.വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറ്റുള്ളവർക്കു തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ മാറ്റുകയാണ് പലരും. സൈലൻസർ കേടുവരുത്തി വലിയ ശബ്ദമുണ്ടാക്കി പോകുന്നതും ഇവർക്ക് ഹരമാണ്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തടക്കം യുവാക്കൾ ഇത്തരത്തിൽ ചീറിപ്പോകുന്നത് പതിവ് കാഴ്ച്ചയാണ്.മൂന്നു പേർ ഒരു ബൈക്കിൽ യാത്ര ചെയ്യുന്നതും അപകടസാദ്ധ്യത വിളിച്ചു വരുത്തുകയാണ്.പിടിയിലായവരുടെ ലൈസൻസ് റദ്ദാക്കുന്നതിനും കനത്ത പിഴ ഈടാക്കുന്നതിനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ പറഞ്ഞു.
ആദ്യപിഴ ആയിരം;പതിവാക്കിയാൽ ലൈസൻസ് പോകും
ആദ്യതവണ 1,000 രൂപ മുതൽ 2,000 രൂപ വരെയാണ് പിഴ. ഇത് ആവർത്തിച്ചാൽ പിഴ തുക വർദ്ധിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യാം.ശരിയായ രീതിയിലല്ലാത്ത നമ്പർ പ്ലേറ്റുകൾക്ക് 500 രൂപ മുതൽ 5,000 രൂപ വരെ പിഴ ഈടാക്കാറുണ്ട്. നമ്പർ പ്ലേറ്റ് മനഃപൂർവ്വം മറയ്ക്കുന്നത് ക്രിമിനൽ കുറ്റമായി പരിഗണിച്ച് കടുത്ത നടപടികളിലേക്ക് നീങ്ങാൻ പൊലീസിന് അധികാരമുണ്ട്.മുൻപിലിരിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണ്. ഇത് ലംഘിച്ചാൽ 500 രൂപയാണ് പിഴ. കൂടാതെ ഡ്രൈവറുടെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് സസ്‌പെൻഡ് ചെയ്യാനും കഴിയും .
നമ്പർ പ്ലേറ്റ് മാറ്റാനും സംവിധാനം
അമിതവേഗത്തിൽ പോകുമ്പോൾ നമ്പർ പ്ലേറ്റ് ക്യാമറയിൽ പതിയാതിരിക്കാനുള്ള സംവിധാനം ബൈക്കിൽ ഘടിപ്പിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ഹാൻഡിലിലെത്തുന്ന കേബിൾ വഴി നമ്പർ പ്ലേറ്റ് ഉയർത്തുകയും താഴ്ത്തുകയും ചെയ്താണ് കബളിപ്പിക്കൽ. വേഗം കുറയുമ്പോൾ നമ്പർ പ്ലേറ്റ് യഥാസ്ഥാനത്തേക്കു താഴ്ത്തും.റോഡുകളിൽ ക്യാമറകൾ വന്നതോടെ റോഡിൽ നേരിട്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കാര്യമായി കുറഞ്ഞതും ഇത്തരക്കാർക്ക് ഗുണകരമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |