
കണ്ണൂർ: പേരാവുരിൽ കടുത്ത അങ്കം ഉറപ്പായിക്കഴിഞ്ഞു. ഒരു ഭാഗത്ത് കെ.പി.സി.സി പ്രസിഡന്റ് കൂടിയായ അഡ്വ. സണ്ണി ജോസഫ്. മറുവശത്ത് മണ്ഡലത്തിൽ ചുവപ്പ് കൊടി ഉയർത്തിയ കെ.കെ.ശൈലജയുമെത്തുമെന്ന് ഏകദേശം ഉറപ്പ്. 1977ൽ മണ്ഡലം രൂപീകൃതമായ ശേഷം പേരാവൂർ ഏറെക്കുറെ യു.ഡി.എഫിന് അനുകൂലമായി നിന്ന മണ്ഡലത്തിൽ മുൻ ആരോഗ്യമന്ത്രിയുടെ രംഗപ്രവേശം കാര്യങ്ങൾ കടുപ്പമാക്കുമെന്ന് ഉറപ്പാണ്.
ക്രൈസ്തവ കുടിയേറ്റ കർഷകരും ന്യൂനപക്ഷ സമുദായങ്ങളും അടങ്ങുന്ന വോട്ടർമാരായതിനാൽ കോൺഗ്രസിന് എക്കാലത്തും പേരാവൂർ വേരുള്ള മണ്ണായിരുന്നു. എന്നാൽ 2006ൽ കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ എ.ഡി.മുസ്തഫയെ 9,099 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തകർത്താണ് കെ.കെ.ശൈലജ വിജയിച്ചത്. പക്ഷേ 2011ൽ ടീച്ചർ സണ്ണി ജോസഫിന് മുന്നിൽ പരാജയപ്പെട്ടു. 2016ൽ 7,989 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സണ്ണി വക്കീൽ വീണ്ടും ജയിച്ചു. 2021ൽ ഇടതുതരംഗം ആഞ്ഞടിച്ച ഘട്ടത്തിൽ ഭൂരിപക്ഷം 3,172 ആയി ഇടിഞ്ഞെങ്കിലും അദ്ദേഹം ജയിച്ചുകയറുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഇടിഞ്ഞതിലാണ് ഇടതുപ്രതീക്ഷ. ഉറച്ച സീറ്റിൽ രണ്ട് തവണ മത്സരിച്ചവർ മാറണമെന്ന പാർട്ടിയിലെ ടേം നിയമമാണ് ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കെത്തിക്കുന്നത്.ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയെന്ന നിലയിൽ ശ്രദ്ധ നേടിയ കെ.കെ. ശൈലജ ഇന്ന് എൽ.ഡി.എഫിലെ ഏറ്റവും ജനകീയ മുഖങ്ങളിൽ ഒന്നാണ്. ഈ ജനപ്രീതി ഇത്തവണ പേരാവൂരിൽ ആയുധമാക്കാനാകും സി.പി.എം ശ്രദ്ധിക്കുന്നത്.
സണ്ണി വക്കീൽ' എന്ന് നാട്ടുകാർ വിളിക്കുന്ന സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലാണ് ഇക്കുറി മത്സരിക്കുന്നത്. മണ്ഡലത്തിലെ മുഴൂവൻ പേരോടും വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന നേതൃശൈലിയും കർഷക സംഘടനകളും ക്രൈസ്തവ സഭകളുമായുമുള്ള ബന്ധവുമാണ് അദ്ദേഹത്തിന്റെ മുഖ്യ ആയുധം.
ലോക് സഭയിലും തദ്ദേശത്തിലും യു.ഡി.എഫ്
ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ എന്നീ എട്ട് പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം.
കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകൾ എന്നിവ യു.ഡി.എഫ്. ശക്തി കേന്ദ്രങ്ങളും മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകൾ സി.പി.എമ്മിന്റെ സ്വാധീനപ്രദേശങ്ങളുമാണ്. ഇരിട്ടി നഗരസഭയിൽ ബലാബലമാണ്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വോട്ടുകൾ കൂട്ടത്തിൽ നിർണായകമാകും. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 158 ബൂത്തുകളിൽ 125ലും യു.ഡി.എഫിനാണ് ഭൂരിപക്ഷം. കെ.സുധാകരന് 23,481 വോട്ടിന്റെ ലീഡാണ് പേരാവൂർ നൽകിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 12,000ത്തോളം വോട്ടിന് യു.ഡി.എഫ് മുന്നിലാണ്.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഒൻപതിനായിരത്തിലധികം വോട്ട് നേടി. 3,172 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഒരു മണ്ഡലത്തിൽ ബി.ജെ.പി.യുടെ നീക്കം നീർണായകമാകും. വന്യജീവി ആക്രമണവും ബഫർ സോൺ ഭീഷണിയുമാണ് ഇവിടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |