കാഞ്ഞങ്ങാട്: നഗരസഭയിലെ മാലിന്യങ്ങൾ സംഭരിക്കുന്നെ ചെമ്മട്ടംവയലിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും വൻ തീപിടിത്തം. ഇന്നലെ ഉച്ചയോടെ ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചപ്പുചവറുകൾക്ക് തീയിട്ടിരുന്നു. ഇതിൽ നിന്നാണ് മാലിന്യത്തിനു തീപിടിച്ചത്.
നിമിഷനേരം കൊണ്ട് ചുറ്റുപാടും പുകയിൽ മുങ്ങി. തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ ശ്രീനാഥ്, കാഞ്ഞങ്ങാട് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നി നിലയങ്ങളിൽ നിന്നുള്ള 5 യൂണിറ്റ് അഗ്നിശമന സേനയും സിവിൽ ഡിഫൻസ് ജില്ല വാർഡൻ പ്രദീപ് കുമാർ, പോസ്റ്റ് വാർഡൻ കിരൺ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വിവരമറിഞ്ഞ് നഗരസഭ ചെയർ പേഴ്സൺ കെ.വി സുജാത, വാർഡ് കൗൺസിലർ കെ.വി സുശീല, കൗൺസിലർ എൻ. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷ കെ. ലത തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.
ജാഗ്രത പാലിക്കണം
മാലിന്യത്തിൽ നിന്നുള്ള പുക ശ്വസിക്കുന്നതു മൂലം അസ്വസ്ഥത നേരിടുന്നത് ഒഴിവാക്കാൻ സമീപവാസികളായ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തഹസിൽദാർ എൻ. മണിരാജ് നിർദ്ദേശം നൽകി. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ എന്നിവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. അസ്വസ്ഥത അനുഭവപ്പെടുന്നവർ ജില്ലാ ആശുപത്രിയിലോ അടുത്തുള്ള മറ്റ് ആശുപത്രികളിലോ ചികിത്സ തേടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |