ന്യൂഡൽഹി: പാകിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. കര, വ്യോമ, നാവിക സേനകൾ വഴിയുള്ള സൈനിക നടപടികൾ അവസാനിപ്പിച്ചു. ഇന്നുവൈകിട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായും വിക്രം മിസ്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങൾക്കും നിർദേശങ്ങൾ നൽകിയതായും മിലിട്ടറി ഓപ്പറേഷനുകളുടെ ഡയറക്‌ടർ ജനറൽമാർ മേയ് 13ന് വീണ്ടും ചർച്ച നടത്തുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പേജിലൂടെ കുറച്ച് മുൻപാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് പോസ്റ്റിൽ കുറിച്ചു. സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് ഇരുരാജ്യങ്ങളോട് നന്ദിയെന്നും ട്രംപ് കുറിച്ചു. അതേസമയം, ചർച്ചയിൽ മൂന്നാം കക്ഷിയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചതും നിർണായകമായി മാറിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. താനും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇന്ത്യയും പാകിസ്ഥാനുമായി ചർച്ച നടത്തിയെന്ന് മാർക്കോ റൂബിയോയും ട്വീറ്റ് ചെയ്തു. രൂക്ഷമായിക്കൊണ്ടിരുന്ന ഇന്ത്യ - പാക് സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ സജീവമായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി മാർക്കോ റൂബിയോ സംസാരിച്ചതിന് പുറമെ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സമവായ നീക്കവുമായി സൗദിയും രംഗത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |