ഹൈദരാബാദ്: 2019ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിനുനേരെയുണ്ടായ കനത്ത ആക്രമണമാണ് കഴിഞ്ഞദിവസം പഹൽഗാമിലുണ്ടായത്. വിനോദസഞ്ചാരികളും സൈനിക ഉദ്യോഗസ്ഥരും പ്രദേശവാസികളുമടക്കം 29 പേരാണ് ആക്രമണത്തിൽ മരിച്ചത്. കാശ്‌മീർ താഴ്‌വരയിലുണ്ടായ ഈ കടുത്ത ആക്രമണത്തിൽ ജീവൻ നഷ്‌ടമായവർക്ക് ആദര സൂചകമായി ഐപിഎൽ മത്സരങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി ബിസിസിഐ.
ഇന്ന് വൈകിട്ട് തെലങ്കാനയിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ നടക്കുന്ന സൺ റൈസേഴ്‌സ് ഹൈദരാബാദും മുംബയ് ഇന്ത്യൻസും തമ്മിലുള്ള മത്സരം ആഘോഷമാക്കുന്ന വെടിക്കെട്ടുകളോ ചിയർ ലീഡേഴ്‌സോ ഉണ്ടാകില്ല. മരണമടഞ്ഞവരോടുള്ള ആദര സൂചകമായി കളിക്കാരും അമ്പയർമാരും കൈയിൽ കറുത്ത ബാൻഡ് ധരിക്കും.
'മത്സരം ആരംഭിക്കുന്നതിന് മുൻപ് ഒരു നിമിഷം മൗനാചരണവും ഉണ്ടാകും. കാശ്‌മീരിലെ ആക്രമണം ഞങ്ങളെ ഞെട്ടിച്ചു. ഇന്ന് ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ അതുകൊണ്ടുതന്നെ ചിയർ ലീഡർമാരുണ്ടാകില്ല. വെടിക്കെട്ടും ഉണ്ടാകില്ല. മത്സരത്തിൽ പങ്കെടുക്കുന്ന കളിക്കാരും അമ്പയർമാരും കറുത്ത ബാൻഡ് കൈയിൽ ധരിക്കും.' ബിസിസിഐ വ്യക്തമാക്കി.
വിരാട് കൊഹ്‌ലിയും ഹാർദ്ദിക് പാണ്ഡ്യയുമടക്കം ഇന്ത്യൻ താരങ്ങൾ പഹൽഗാം സംഭവത്തെ ശക്തമായി അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |